പ്രാര്‍ഥനകള്‍ വിഫലം; കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങി സുഹാൻ വീട്ടിൽ നിന്നിറങ്ങിപ്പോകുകയായിരുന്നു
പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറ് വയസ്സുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. ചിറ്റൂർ അമ്പാട്ടുപാളയത്ത് നിന്ന് കാണാതായ സുഹാന്‍റെ മൃതദേഹം 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി. വീടിന് സമീപത്തുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്പാട്ടുപാളയം എരുമൻകോട് സ്വദേശികളായ മുഹമ്മദ് അനസ്–തൗഹിത ദമ്പതികളുടെ മകനായ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കാണാതായത്.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങി സുഹാൻ വീട്ടിൽ നിന്നിറങ്ങിപ്പോകുകയായിരുന്നു. കുട്ടികൾക്കിടയിലുണ്ടാകുന്ന സാധാരണ പിണക്കമാണെന്ന് കരുതിയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ തെരച്ചിൽ ആരംഭിച്ചു.
സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടി വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയിരിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവിൽ, ഞായറാഴ്ച രാവിലെ വീടിന് വെറും 100 മീറ്റർ അകലെയുള്ള കുളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇപ്പോൾ ഇൻക്വസ്റ്റ് നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
What's Your Reaction?

