കുന്നംകുളം കസ്റ്റഡി മര്‍ദനം: നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരമേഖലാ ഐ.ജി. രാജ്പാല്‍ മീണ ഐ.പി.എസ്. ആണ് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
കുന്നംകുളം എസ്.ഐ. നുഹ്‌മാന്‍, സീനിയര്‍ സി.പി.ഒ. ശശിധരന്‍, സി.പി.ഒമാരായ സന്ദീപ്, സജീവന്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 2023ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങള്‍കൂടി അരങ്ങേറുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വി.എസ്. സുജിത്ത് (27) 2023 ഏപ്രില്‍ അഞ്ചിന് രാത്രി കുന്നംകുളം പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരികയും സംഭവം കോടതിയുടെ പരിഗണനയിലേക്കെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ നാലുപേര്‍ക്കുമെതിരേ കോടതി ക്രിമിനല്‍ കേസ് എടുത്തിരുന്നു. കോടതിയില്‍ വിചാരണ നടക്കുന്നതിനാല്‍ സര്‍വീസില്‍ തുടരുന്നത് ഉചിതമല്ലെന്നാണ് ഡിഐജി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
പ്രാഥമിക നടപടിയെന്ന നിലയില്‍ നാല് പോലീസുകാരെയും സ്ഥലംമാറ്റുകയും രണ്ടു വര്‍ഷത്തെ ശമ്പള വര്‍ധന തടഞ്ഞുവെച്ചതുമായിരുന്നു നേരത്തേ എടുത്ത നടപടി. അടിവസ്ത്രം മാത്രം ധരിച്ച് സുജിത്തിനെ പോലീസ് ജീപ്പില്‍നിന്ന് ഇറക്കുന്നതു മുതല്‍ സ്റ്റേഷനുള്ളില്‍ അര്‍ധനഗ്‌നനായി നിര്‍ത്തി പല തവണ ചെവിടത്തടിക്കുന്നതിന്റെയും കുനിച്ചുനിര്‍ത്തി മുതുകത്ത് കൈമുട്ടുകൊണ്ട് കൂട്ടംകൂടി പോലീസ് ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.
What's Your Reaction?






