തിരുവനന്തപുരത്ത് മധ്യവയസ്കന്‍ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചു
വിജയന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല
തിരുവനന്തപുരം: ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ വിജയൻ (57) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിലായിരുന്നു ഇദ്ദേഹം.
കെട്ടിട നിർമാണ തൊഴിലാളിയായ വിജയനെ, കഴിഞ്ഞ മാസം ആദ്യ ആഴ്ചയിൽ വീണ് കാലിന് പരിക്കേറ്റതിനെ തുടർന്ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
പ്രമേഹരോഗിയായിരുന്ന വിജയന് മെഡിക്കൽ കോളേജിൽ നടത്തിയ രക്തപരിശോധനയിലാണ് അപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം (Amebic Meningoencephalitis) സ്ഥിരീകരിച്ചത്. വിജയന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
രോഗം സ്ഥിരീകരിച്ച ഉടൻ ആറ്റിങ്ങൽ നഗരസഭ ആരോഗ്യവിഭാഗം വിജയന്റെ വീടും പരിസരവും പരിശോധിച്ചു. നടത്തിയ കുടിവെള്ള പരിശോധനയിൽ, രോഗം വീട്ടിൽ നിന്നല്ല പിടിപെട്ടതെന്നും കണ്ടെത്തി. ഇന്ന് ഉച്ചകഴിഞ്ഞ് വീടും സമീപപ്രദേശങ്ങളും ക്ലോറിനേഷൻ നടത്തി.
ഒരു മാസത്തോളമായി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രണ്ട് ദിവസം മുൻപ് പനി പിടിക്കുകയും ഇന്ന് പുലർച്ചെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഭാര്യ: അനിത. മക്കൾ: അപർണ, അഭിരാമി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടക്കും.
What's Your Reaction?