പത്തനംതിട്ട: അരി ബ്രാൻ്റ് ഉടമയ്ക്കും, കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായ ദുൽഖർ സൽമാനുമെതിരെ നോട്ടീസ്. ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയിലാണ് നടപടി. പാരാതിയിൽ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകൾക്കും, കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായ ദുൽഖർ സൽമാനുമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഡിസംബര്‍ മൂന്നിന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചത്. പത്തനംതിട്ട സ്വദേശിയായ പിഎൻ ജയരാജൻ സമർപ്പിച്ച പരാതിയിലാണ് നോട്ടീസ് അയച്ചത്. പത്തനംതിട്ടയിൽ കാറ്ററിങ് സ്ഥാപനം നടത്തുന്ന ആളാണ് ജയരാജൻ.
പരാതിക്കാരൻ വാങ്ങിയ 50 കിലോ റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് ചാക്കില്‍ പാക്കിംഗ് തിയതിയും എക്‌സ്പയറി തിയതിയും ഉണ്ടായിരുന്നില്ല. ഈ അരി വെച്ച് ബിരിയാണി ഉണ്ടാക്കി വിളമ്പിയതിന് പിന്നാലെ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റെന്നാണ് ആരോപണം.