തിരുവനന്തപുരം: ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലർ ആര്‍ ശ്രീലേഖയുടെ നിർദേശത്തിനെതിരെ വി കെ പ്രശാന്ത്. കഴിഞ്ഞദിവസം രാവിലെയാണ് ഓഫീസ് ഒഴിയണമെന്ന ആവശ്യവുമായി ശ്രീലേഖ എംഎൽഎ വി കെ പ്രശാന്തിനെ നേരിട്ട് വിളിച്ചത്. ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലുള്ള എംഎൽഎ ഓഫിസ് ഒഴിയണമെന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.
ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയാണെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. വാടക കൊടുത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് 31 വരെ കരാര്‍ കാലവധിയുണ്ട്. എങ്കിലും കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ എംഎൽഎക്ക് കെട്ടിടം ഒഴിഞ്ഞു നൽകേണ്ടതായി വരും.
രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്ന് വികെ പ്രശാന്ത് പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാൽ ഒഴിയുക തന്നെ ചെയ്യുമെന്ന് വികെ പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിർബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്ന് വികെ പ്രശാന്ത് കൂട്ടിച്ചേർത്തു.
ശ്രീലേഖ ഒറ്റയ്ക്ക് വിളിച്ച് ഇത്തരമൊരു കാര്യം ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. പുതിയ ഭരണനേതൃത്വം അറിഞ്ഞുകൊണ്ടാണെന്ന് സംശയിക്കുന്നുവെന്നും വി കെ പ്രശാന്ത് പറഞ്ഞു. അതേസമയം ഓഫീസ് കെട്ടിടം കോര്‍പ്പറേഷന്‍ വകയാണ്. പ്രശാന്തിന് കെട്ടിടം വാടകയ്ക്ക് നല്‍കിയത് മുന്‍ കൗണ്‍സിലറാണ്. തനിക്ക് സൗകര്യം ഈ കെട്ടിടമെന്നാണ് ശ്രീലേഖയുടെ വാദം.