തൃക്കരിപ്പൂർ യു.ഡി.എഫ് സ്ഥാനാർഥി സന്ദീപ് വാര്യർക്ക് നേരെ വോട്ട് ചോദിക്കുന്നതിനിടെ ആക്രമണം
പരിക്കേറ്റ പ്രവർത്തകരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാസർകോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് ചോദിക്കാനെത്തിയ തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് നേരെ ആക്രമണം. പടന്നക്കാട് നെഹ്റു കോളജിൽ വെച്ചുണ്ടായ സംഘർഷത്തിൽ രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.
കോളജ് ഡേ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഡിജെ പ്രോഗ്രാമിനിടെ വോട്ട് അഭ്യർത്ഥിക്കാൻ എത്തിയപ്പോഴാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പരിക്കേറ്റ പ്രവർത്തകരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോളജ് ക്യാമ്പസിനുള്ളിൽ വോട്ട് ചോദിക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ സ്ഥാനാർത്ഥിയെയും പ്രവർത്തകരെയും തടയുകയും മർദ്ദിക്കുകയുമായിരുന്നു. എസ്എഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു.
വിവരം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ രണ്ട് യുഡിഎഫ് പ്രവർത്തകരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇവർ നിലവിൽ ചികിത്സയിലാണ്.
What's Your Reaction?