സാത്താൻകുളം കസ്റ്റഡി മരണം: ഒന്‍പത് പോലീസുകാർക്ക് വധശിക്ഷ

ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചു എന്നാരോപിച്ചായിരുന്നു പൊലീസ് അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തത്

Apr 6, 2026 - 21:00
Apr 6, 2026 - 21:01
 0
സാത്താൻകുളം കസ്റ്റഡി മരണം: ഒന്‍പത് പോലീസുകാർക്ക് വധശിക്ഷ

മധുര: രാജ്യത്തെ നടുക്കിയ തമിഴ്നാട് സാത്താൻകുളം കസ്റ്റഡി കൊലപാതകക്കേസിൽ ഒൻപത് പൊലീസുകാർക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി. മൊബൈൽ ഷോപ്പ് ഉടമയായ പി. ജയരാജും മകൻ ബെനിക്സും പൊലീസ് ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട് ആറ് വർഷത്തിന് ശേഷമാണ് ചരിത്രപ്രധാനമായ ഈ വിധി പുറത്തുവരുന്നത്.

തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 2020-ൽ നടന്ന ഈ സംഭവം ആഗോളതലത്തിൽ തന്നെ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചു എന്നാരോപിച്ചായിരുന്നു പൊലീസ് അച്ഛനെയും മകനെയും കസ്റ്റഡിയിലെടുത്തത്.

2020 ജൂൺ 19-ന് ലോക്ഡൗൺ ലംഘിച്ച് കട തുറന്നു എന്നാരോപിച്ചാണ് ജയരാജിനെയും ബെനിക്സിനെയും സാത്താൻകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ എത്തിച്ച ഇരുവരെയും രാത്രി മുഴുവൻ പൊലീസുകാർ അതിക്രൂരമായി മർദ്ദിച്ചു. മലദ്വാരത്തിൽ ലാത്തി കയറ്റിയതുൾപ്പെടെയുള്ള അതിഹീനമായ ലൈംഗിക-ശാരീരിക പീഡനങ്ങളാണ് ഇവർക്ക് നേരിടേണ്ടി വന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

മർദ്ദനത്തെത്തുടർന്ന് അവശരായ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഇരുവരും മരണപ്പെടുകയായിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് കേസ് ഏറ്റെടുത്ത സിബിഐ, ഇൻസ്പെക്ടർ ഉൾപ്പെടെ പത്ത് പൊലീസുകാരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് (ഇതിനിടെ ഒരു പ്രതി മരണപ്പെട്ടിരുന്നു).

സ്റ്റേഷനിലുണ്ടായിരുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ധീരമായ വെളിപ്പെടുത്തൽ കേസിൽ വഴിത്തിരിവായി. സ്റ്റേഷനിലെ മേശകളിലും ലാത്തികളിലും രക്തക്കറയുണ്ടായിരുന്നുവെന്നും അച്ഛനും മകനും രാത്രി മുഴുവൻ നിലവിളിച്ചിരുന്നുവെന്നും അവർ മൊഴി നൽകി.

സംഭവത്തിന് ശേഷം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞും രേഖകളിൽ കൃത്രിമം കാണിച്ചും രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാരുടെ വാദങ്ങൾ സിബിഐ ശാസ്ത്രീയ തെളിവുകളിലൂടെ പൊളിച്ചു. പൊതുജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ നിയമം കയ്യിലെടുത്ത് നടത്തിയ ഈ ക്രൂരത 'അപൂർവ്വങ്ങളിൽ അപൂർവ്വമായ' ഒന്നാണെന്ന് കോടതി നിരീക്ഷിച്ചു. വധശിക്ഷയ്ക്ക് പുറമെ പ്രതികൾക്ക് കനത്ത പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow