ഡല്‍ഹിയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ട്; യമുനയിലെ ജലനിരപ്പ് അപകടരേഖയോട് അടുത്തു
അടുത്ത മൂന്ന് ദിവസത്തേക്കു മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്

ന്യൂഡല്‍ഹി: കനത്ത മഴയിൽ ഡൽഹിയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ബാബ ഘടക് സിങ് മാർഗ്, കിദ്വായി നഗർ, മഥുര റോഡ്, ഭാരത് മണ്ഡപം തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് വെള്ളത്തിനടിയിലായി. ഭാരത് മണ്ഡപത്തിന്റെ 7–ാം നമ്പർ ഗേറ്റിനടുത്ത് വെള്ളക്കെട്ട് രൂക്ഷമായി.
ഇന്നലെ (ഓഗസ്റ്റ് ഒന്‍പത്) ഉച്ചയോടെ തന്നെ യമുനയിലെ ജലനിരപ്പ് അപകടരേഖയോട് അടുത്തു. ഓൾഡ് റെയിൽവേ പാലത്തിനു സമീപം യമുനയിലെ ജലനിരപ്പ് 205.33 മീറ്റർ വരെ ഉയർന്നു. വിമാനത്താവളത്തിൽ നിന്നുള്ള 300ലേറെ സർവീസുകൾ വൈകി. അടുത്ത മൂന്ന് ദിവസത്തേക്കു മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് മേഖലകളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി. രക്ഷാബന്ധൻ ആഘോഷങ്ങളുടെ ഭാഗമായി ബന്ധുവീടുകൾ സന്ദർശിക്കാനിറങ്ങിയവരിൽ ഭൂരിപക്ഷവും മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നു ഗതാഗതവകുപ്പും ട്രാഫിക് പോലീസും മുന്നറിയിപ്പ് നൽകിയിരുന്നു.
What's Your Reaction?






