ഭോപ്പാൽ: സഹപ്രവർത്തകരുടെ പരിഹാസം സഹിക്കാൻ കഴിയാതെ കുറിപ്പെഴുതി വച്ച് രണ്ട് സർക്കാർ ജീവനക്കാർ ജീവനൊടുക്കി. മധ്യപ്രദേശ് ബേതുൽ ജില്ലയിലാണ് സംഭവം. ജലവിതരണ വകുപ്പിലെ ക്ലർക്കായ 48കാരി രജനി ദുൻദേലേ സഹപ്രവർത്തകനും 29കാരനുമായ മിഥുൻ എന്നിവരാണ് ആത്മഹത്യ ചെയ്തത്.
കിണറ്റിൽ ചാടിയാണ് ഇരുവരും ജീവനൊടുക്കിയത്. ഇരുവരുടെയും മൃതദേഹം ബയവാഡി ഗ്രാമത്തിലെ കിണറ്റിൽ നിന്നുമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയായിട്ടും വീടുകളില്‍ തിരികെ എത്താത്തതിനെ തുടർന്ന് പോലീസ് ഇരുവരെയും അന്വേഷിച്ച് വരികയായിരുന്നു.
തങ്ങളുടെ ബന്ധത്തെച്ചൊല്ലിയുള്ള പരിഹാസത്തിന് പിന്നാലെയാണ് ഇരുവരും ജീവനൊടുക്കിയത്. രജനിയുടെ വീട്ടില്‍ നിന്നും സഹപ്രവർത്തകർക്ക് എതിരായ കുറിപ്പ് കണ്ടെത്തി. മിഥുന്‍ തനിക്ക് മകനെ പോലെയാണെന്നും എന്നാല്‍ സഹപ്രവര്‍ത്തകര്‍ വഴിവിട്ട ബന്ധമാണെന്ന് പ്രചരിപ്പിച്ചെന്നും കുറിപ്പിൽ പറയുന്നു.
മിഥുന്റെ ഫോൺ ലൊക്കേഷൻ ഉപയോഗിച്ചാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. രണ്ട് ജോഡി സ്ലിപ്പറുകൾ, മൊബൈൽ ഫോൺ, മോട്ടോർ സൈക്കിൾ എന്നിവ ഒരു വയലിന് സമീപത്ത് നിന്നും കണ്ടെത്തി.