ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ വാര്‍ത്താസമ്മേളനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്ന് രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിൽ 6850 വോട്ടുകൾ ചേര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വ്യാജ ലോഗിനുകൾ ഉപയോഗിച്ച് വോട്ടർമാരെ കൂട്ടത്തോടെ നീക്കിയെന്നും രാഹുൽ ആരോപിച്ചു.
താന്‍ പറഞ്ഞ ഹൈഡ്രജന്‍ ബോംബ് അല്ല ഇതെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വ്യാജ ലോഗിന് ഉപയോഗിച്ച് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തുവെന്ന് കര്‍ണാടകയിലെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ആരോപിച്ചു. പേരുകളുടെ സ്ഥാനത്ത് അക്ഷരങ്ങൾ മാത്രമാണ് ഉള്ളത്.
ആസൂത്രിത വോട്ട് കൊള്ള നടത്തുന്നത് ആരാണെന്ന് ഗ്യാനേഷ് കുമാറിന് അറിയാമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഒരാഴ്ചക്കുള്ളിൽ ഗ്യാനേഷ് കുമാർ വിവരങ്ങൾ കർണ്ണാടക സിഐഡിക്ക് കൈമാറണം. വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുന്ന പണി നിർത്തണമെന്നും രാഹുൽ പറഞ്ഞു.
പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ നിന്ന് ചില വിഭാഗങ്ങളുടെ പേര് വെട്ടുന്നതിനായി ദശലക്ഷകണക്കിന് ആളുകളെ വ്യവസ്ഥാപിതമായി ലക്ഷ്യം വെയ്ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രീകൃതമായ രീതിയില്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് വോട്ടുകള്‍ വെട്ടിയിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
അതേസമയം രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. ഓൺലൈനായി രാഹുൽഗാന്ധി പറഞ്ഞത് പോലെ വോട്ട് ഒഴിവാക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു.