ആർത്തവമായതിനാൽ ദലിത് പെൺകുട്ടിയെ കോണിപ്പടിയിൽ പരീക്ഷ എഴുതിച്ചതായി പരാതി; പ്രിൻസിപ്പലിന് സസ്പെൻഷൻ
അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ആവശ്യപ്പെട്ടു

കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്ത് സെങ്കുട്ടൈപാളയം ഗ്രാമത്തിലെ സ്വാമി ചിദ്ഭവാനന്ദ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ആർത്തവമായതിനാൽ ദലിത് പെൺകുട്ടിയെ കോണിപ്പടിയിൽ പരീക്ഷ എഴുതിച്ചതായി പരാതി.
അരുന്ധതിയാർ സമുദായത്തിൽപ്പെട്ട പെൺകുട്ടിയാണ് ക്രൂര വിവേചനത്തിനിരയായത്. വാർഷിക പരീക്ഷ എഴുതാൻ എത്തിയ കുട്ടിക്ക് ആർത്തവമായതിനാൽ ക്ലാസ് മുറിയിൽ പ്രവേശിക്കാൻ അധ്യാപകർ അനുവദിച്ചില്ലെന്നാണ് പരാതി.
കുട്ടി കോണിപ്പടിയിൽ പരീക്ഷ എഴുതുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. തുടർന്ന് വകുപ്പുതല അന്വേഷണത്തിന് ശേഷം സ്വകാര്യ സ്കൂളിന്റെ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തതായി തമിഴ്‌നാട് സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി പറഞ്ഞു.
‘സ്വകാര്യ സ്കൂളിനെതിരെ വകുപ്പുതല അന്വേഷണം നടത്തി പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. കുട്ടികളെ ഒരു തരത്തിലും അടിച്ചമർത്തുന്നത് അനുവദിക്കാൻ കഴിയില്ല. പ്രിയപ്പെട്ട വിദ്യാർത്ഥി, ഒറ്റയ്ക്ക് ഇരിക്കരുത്. ഞങ്ങൾ ഇവിടെയുണ്ടാകും’. അൻബിൽ മഹേഷ് എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. പെൺകുട്ടിയുടെ അമ്മയും ബന്ധുവും സ്‌കൂളിൽ എത്തിയപ്പോഴാണ് ക്ലാസ് മുറിക്ക് പുറത്തുള്ള പടിക്കെട്ടിൽ കുട്ടി പരീക്ഷ എഴുതുന്നത് കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് അമ്മ അധ്യാപകരോട് ചോദിച്ചപ്പോൾ ‘നിങ്ങൾക്ക് വേണമെങ്കിൽ അവളെ മറ്റൊരു സ്കൂളിൽ ചേർക്കൂ’ എന്നായിരുന്നു മറുപടി. അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ആവശ്യപ്പെട്ടു.
What's Your Reaction?






