മകൾക്കായി മദ്യം ഉപേക്ഷിച്ചു; 16 വർഷമായി തൊട്ടിട്ടില്ല; 'ആ സിനിമ' കഴിഞ്ഞപ്പോൾ ശീലം നിർത്തി; മദ്യപാനത്തെക്കുറിച്ച് മനസ് തുറന്ന് മനോജ് കെ. ജയൻ
എം.ജി. ശ്രീകുമാർ അവതാരകനായ ടെലിവിഷൻ പരിപാടിയിലാണ് മനോജ് കെ. ജയൻ തന്റെ ജീവിതത്തിലെ ഈ നിർണ്ണായക തീരുമാനത്തെക്കുറിച്ച് സംസാരിച്ചത്
കൊച്ചി: മലയാള സിനിമയിലെ പ്രിയതാരം മനോജ് കെ. ജയൻ തന്റെ ജീവിതശൈലിയിൽ വരുത്തിയ വലിയ മാറ്റത്തെക്കുറിച്ച് മനസ് തുറക്കുന്നു. വർഷങ്ങൾക്ക് മുൻപ് തന്നെ മദ്യപാനവും പുകവലിയും പൂർണ്ണമായും ഉപേക്ഷിച്ചതിനെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയത് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്.
എം.ജി. ശ്രീകുമാർ അവതാരകനായ ടെലിവിഷൻ പരിപാടിയിലാണ് മനോജ് കെ. ജയൻ തന്റെ ജീവിതത്തിലെ ഈ നിർണ്ണായക തീരുമാനത്തെക്കുറിച്ച് സംസാരിച്ചത്. കുടുംബത്തോടുള്ള സ്നേഹവും മകളുടെ വളർച്ചയുമാണ് തന്നെ ഈ മാറ്റത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.
'അനന്തഭദ്രം', 'രാജമാണിക്യം' എന്നീ സിനിമകളുടെ ചിത്രീകരണത്തിന് ശേഷമാണ് താൻ അവസാനമായി മദ്യപിച്ചതെന്ന് താരം ഓർത്തെടുത്തു. ഏകദേശം 16 വർഷമായി താൻ മദ്യപാനം പൂർണ്ണമായും ഉപേക്ഷിച്ചിട്ട്. മകൾ ഒന്നിലോ രണ്ടിലോ പഠിക്കുന്ന പ്രായമെത്തിയപ്പോൾ, കുട്ടികൾ വളർന്നു വരുമ്പോൾ അച്ഛൻ ഇത്തരത്തിലുള്ള ശീലങ്ങൾ തുടരുന്നത് ശരിയല്ലെന്ന് കരുതിയാണ് മദ്യപാനം നിർത്താൻ തീരുമാനിച്ചത്.
മുമ്പ് മദ്യപിച്ചിരുന്ന കാലത്തും പൊതുസ്ഥലത്തോ ബാറുകളിലോ പോകുന്ന ശീലം തനിക്കില്ലായിരുന്നു. സ്വന്തം മുറിയിൽ ഇരുന്ന് ടിവി കണ്ട് ചെറിയ അളവിൽ മാത്രം കഴിക്കുന്നതായിരുന്നു രീതി. മദ്യം മാത്രമല്ല, ബിയറോ ഷാംപെയ്‌നോ പുകവലിയോ പോലും ഇപ്പോൾ തന്റെ ജീവിതത്തിലില്ലെന്ന് മനോജ് കെ. ജയൻ അഭിമാനത്തോടെ പറയുന്നു. സിനിമാ ലൊക്കേഷനുകളിൽ പോയാലും തന്റെ ഈ തീരുമാനത്തിൽ മാറ്റം വരുത്താറില്ല.
താരത്തിന്റെ ഈ തുറന്നുപറച്ചിൽ സിനിമാ മേഖലയിലെയും പുറത്തെയും യുവാക്കൾക്ക് വലിയൊരു പ്രചോദനമാണ്. കുടുംബത്തിനും മക്കളുടെ ഭാവിയിക്കും വേണ്ടി ലഹരി ഉപേക്ഷിക്കാനുള്ള മനോജ് കെ. ജയന്റെ തീരുമാനം സോഷ്യൽ മീഡിയയിൽ വലിയ കയ്യടിയാണ് നേടുന്നത്.
What's Your Reaction?