നികുതി വെട്ടിപ്പ് കേസ്: നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ഏഴ് മണിക്കൂർ ചോദ്യം ചെയ്തു
കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ചുള്ള ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വെച്ച് കഴിഞ്ഞദിവസം ഏഴ് മണിക്കൂറോളമാണ് താരത്തെ വിശദമായി ചോദ്യം ചെയ്തത്.
കേസന്വേഷണത്തിന്റെ ഭാഗമായി ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള നിസ്സാൻ പെട്രോൾ, ഡിഫെൻഡർ, ലാൻഡ് ക്രൂയിസർ എന്നീ ആഡംബര വാഹനങ്ങൾ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതിൽ ദുൽഖറിന്റെ 'ലക്കി ഭാസ്കർ' എന്ന ചിത്രത്തിൽ ഉപയോഗിച്ച നിസ്സാൻ പെട്രോൾ വാഹനം കളമശ്ശേരിയിലെ ഷോറൂമിൽ നിന്നാണ് കണ്ടെടുത്തത്.
പിടിച്ചെടുത്ത വാഹനങ്ങളിൽ ഡിഫെൻഡർ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ കടുത്ത നിലപാട് സ്വീകരിക്കുകയും നടനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്‌തെങ്കിലും, ഡിഫെൻഡർ വാഹനം വിട്ടുനൽകുന്ന കാര്യം പരിഗണിക്കണമെന്നാണ് ഹൈക്കോടതി താൽക്കാലിക ഉത്തരവിറക്കിയത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.
What's Your Reaction?



