കൊച്ചിയിലെ 'ഓപ്പറേഷൻ തൂഫാൻ' യോഗത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും; കെ. സുധാകരൻ പങ്കെടുത്ത പരിപാടിയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം

Jul 1, 2026 - 15:46
Jul 1, 2026 - 15:47
 0
കൊച്ചിയിലെ 'ഓപ്പറേഷൻ തൂഫാൻ' യോഗത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും; കെ. സുധാകരൻ പങ്കെടുത്ത പരിപാടിയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം

കൊച്ചി: ലഹരിമാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പരിപാടിയിൽ പങ്കെടുത്ത ഒരാൾ കഴിഞ്ഞദിവസം വധശ്രമക്കേസിൽ പിടിയിലായതോടെയാണ് യോഗത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പോലീസ് ശേഖരിക്കാൻ തുടങ്ങിയത്. ബ്യൂട്ടി പാർലർ വെടിവെപ്പ്, കള്ളത്തോക്ക് കേസ്, വധശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നതായാണ് കണ്ടെത്തൽ.

അതേസമയം, കെ. സുധാകരൻ യോഗത്തിൽ പ്രസംഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചുറുചുറുക്കുള്ള യുവാക്കളെ ഉപയോഗിച്ച് നാട്ടിലെ ലഹരിമാഫിയയെ തകർക്കുകയാണ് ലക്ഷ്യമെന്നും, നാടിന്റെ ശബ്ദം നിങ്ങളുടെ ശബ്ദമായി മാറട്ടെയെന്നും സുധാകരൻ പ്രസംഗത്തിൽ പറയുന്നുണ്ട്. എന്നാൽ, ഇതൊരു ഗുണ്ടാ യോഗമല്ലെന്നും യുവാക്കളുടെ കൂട്ടായ്മ മാത്രമാണെന്നുമാണ് യോഗത്തിൽ പങ്കെടുത്ത ഡിസിസി അംഗം സുഹൈൽ ഷാജഹാന്റെ ന്യായീകരണം. ലഹരിസംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചാൽ നിയമം കൈയ്യിലെടുക്കാതെ പോലീസിനെ അറിയിക്കാനാണ് സുധാകരൻ നിർദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സദുദ്ദേശത്തോടെയാണ് യോഗം ചേർന്നതെന്നും സുധാകരനെ തങ്ങൾ അങ്ങോട്ട് പോയി സമീപിക്കുകയായിരുന്നു എന്നുമാണ് പരിപാടിയുടെ സംഘാടകനായ ഹാരിസ് മട്ടാഞ്ചേരി പ്രതികരിച്ചത്. മുൻപ് കേസുകളിൽ പെട്ടവർ യോഗത്തിൽ വന്നിട്ടുണ്ടാകാമെന്നും തന്റെ പേരിലുള്ള കള്ളത്തോക്ക് കേസ് പഴയതാണെന്നും ഹാരിസ് വ്യക്തമാക്കി. ലഹരിവിരുദ്ധ പരിപാടിയെന്ന വ്യാജേന ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒന്നിപ്പിച്ചതാണോ യോഗം എന്ന കാര്യത്തിലാണ് ഇപ്പോൾ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow