നീറ്റിന് പിന്നാലെ കേന്ദ്രത്തിന്റെ മറ്റൊരു പൊതുപരീക്ഷയിലും ഗുരുതര വീഴ്ച; ചോദ്യപേപ്പറിലെ അച്ചടിപ്പിശക് വിദ്യാർത്ഥികളെ വലച്ചു
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉയർത്തിയ വിവാദങ്ങൾക്കൊടുവിൽ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് നടത്തിയ പൊതുയോഗ്യതാ പരീക്ഷയിലും ഗുരുതര വീഴ്ചയെന്ന് പരാതി. ഭിന്നശേഷിക്കാർക്കായുള്ള വിവിധ ദേശീയ സ്ഥാപനങ്ങളിലെ റീഹാബിലിറ്റേഷൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയിലാണ് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള ആശയക്കുഴപ്പമുണ്ടായത്. ചോദ്യപേപ്പറിൽ 'നെഗറ്റീവ് മാർക്ക്' ഉണ്ടാകുമെന്ന തെറ്റായ നിർദേശം അച്ചടിച്ചു വന്നതാണ് ഉദ്യോഗാർത്ഥികളെ കടുത്ത പ്രതിസന്ധിയിലാക്കിയത്.
പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനത്തിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കില്ലെന്ന് കൃത്യമായി വ്യക്തമാക്കിയിരുന്നു. എന്നാൽ ജൂൺ 28-ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറിൽ, ശരിയുത്തരങ്ങൾക്ക് 4 മാർക്ക് ലഭിക്കുമെന്നും തെറ്റായ ഉത്തരങ്ങൾക്ക് ഒരു മാർക്ക് വീതം കുറയ്ക്കുമെന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഈ നിർദേശം കണ്ടതോടെ പരീക്ഷ എഴുതിയ ഭൂരിഭാഗം വിദ്യാർത്ഥികളും നെഗറ്റീവ് മാർക്ക് ഭയന്ന് ഉറപ്പില്ലാത്ത പല ചോദ്യങ്ങൾക്കും ഉത്തരം രേഖപ്പെടുത്താതെ ഒഴിഞ്ഞുവിട്ടു.
എന്നാൽ ചില പരീക്ഷാ കേന്ദ്രങ്ങളിൽ, ചോദ്യപേപ്പറിലെ നിർദേശം അച്ചടിപ്പിശകാണെന്നും നെഗറ്റീവ് മാർക്കില്ലെന്നും ഇൻവിജിലേറ്റർമാർ വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിച്ചിരുന്നു. ഇതോടെ ആ സെന്ററുകളിലെ വിദ്യാർത്ഥികൾ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം രേഖപ്പെടുത്തുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഈ വിവേചനത്തെക്കുറിച്ച് മറ്റ് കേന്ദ്രങ്ങളിലെ കുട്ടികൾ അറിയുന്നത്. കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും ഉൾപ്പെടെ രാജ്യത്തെ 35 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. കേരളത്തിലെ കേന്ദ്രങ്ങളിൽ ഇൻവിജിലേറ്റർമാർ ഈ അച്ചടിപ്പിശകിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് യാതൊരു മുന്നറിയിപ്പും നൽകിയിരുന്നില്ല.
ഡൽഹിയിലെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് തുടങ്ങി രാജ്യത്തെ പ്രമുഖ ഒൻപത് സ്ഥാപനങ്ങളിലെ 18 കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചത്. പരീക്ഷാ നടത്തിപ്പിലെ ഈ അപാകത മാർക്കിംഗിനെ ബാധിക്കുമെന്നതിനാൽ വിദ്യാർത്ഥികൾ അധികൃതരെ പരാതി അറിയിച്ചെങ്കിലും ഇതുവരെ അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
What's Your Reaction?



