മുഖ്യമന്ത്രിയുടെ വാക്കുകൾ തിരിച്ചടിയായി, ജനങ്ങൾ പ്രതീക്ഷിക്കുന്നത് ലാളിത്യം; ആഭ്യന്തര ചർച്ചകളിൽ ആഞ്ഞടിച്ച് സിപിഎം ജില്ലാ കമ്മിറ്റി"
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. കമ്മ്യൂണിസ്റ്റ് ഭരണാധികാരികളിൽ നിന്നും സർക്കാരിൽ നിന്നും ജനങ്ങൾ എപ്പോഴും ലാളിത്യമാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കൾ ഓർമ്മിപ്പിച്ചു. ഭരണാധികാരി ഒരു നക്ഷത്രമാണെന്നും ജനങ്ങൾ മണ്ണിൽ നിന്നും നോക്കിക്കാണേണ്ടവരാണെന്നുമുള്ള ഒരു വിചാരം പൊതുസമൂഹത്തിൽ ഉണ്ടാക്കാൻ പാടില്ലായിരുന്നുവെന്ന് യോഗത്തിൽ നിർദ്ദേശമുയർന്നു.
പാർട്ടി നേതാക്കൾ ജനങ്ങളിൽ നിന്നും പൂർണ്ണമായി അകന്നുവെന്ന പ്രതീതി തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. മുഖ്യമന്ത്രിയുടെ പല പ്രസ്താവനകളും വാക്കുകളും ജനങ്ങൾക്കിടയിൽ പ്രതികൂല തരംഗമാണ് സൃഷ്ടിച്ചത്. ചില നേതാക്കൾ തെറ്റായ ശൈലി പിന്തുടർന്നപ്പോൾ അത് തിരുത്താൻ പാർട്ടി നേതൃത്വം തയ്യാറായില്ലെന്നും വിമർശനമുണ്ട്. വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവനകളെ കൃത്യമായ സമയത്ത് തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകാതിരുന്നതും അദ്ദേഹത്തിന്റെ മൗനവും വലിയ തിരിച്ചടിയായി മാറി. ഇത് ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽ നിന്നും വലിയ തോതിൽ അകലാൻ കാരണമായെന്നും എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു.
What's Your Reaction?

