പ്രമുഖ നേതാക്കളുടെ പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി

ഇരുപക്ഷവും തുല്യനില പാലിച്ചതോടെ നടന്ന നറുക്കെടുപ്പിൽ യു.ഡി.എഫ് വിജയിക്കുകയായിരുന്നു.

Dec 27, 2025 - 15:53
Dec 27, 2025 - 15:53
 0
പ്രമുഖ നേതാക്കളുടെ പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി

പാലക്കാട്/കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷിന്റെയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെയും സ്വന്തം പഞ്ചായത്തുകൾ യു.ഡി.എഫ് ഭരണത്തിന് കീഴിലായി. ചളവറ പഞ്ചായത്തില്‍ (പാലക്കാട്) നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് വിജയം. മന്ത്രി എം.ബി. രാജേഷിന്റെ പഞ്ചായത്തായ ചളവറയിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് യു.ഡി.എഫ് അധികാരം പിടിച്ചത്. ആകെ 17 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ട് വീതം അംഗങ്ങളാണുള്ളത്. എൻ.ഡി.എയ്ക്ക് ഒരു അംഗവുമുണ്ട്.

ഇരുപക്ഷവും തുല്യനില പാലിച്ചതോടെ നടന്ന നറുക്കെടുപ്പിൽ യു.ഡി.എഫ് വിജയിക്കുകയായിരുന്നു. 16-ാം വാർഡ് കയിലിയാടിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധി സന്ധ്യാ സുരേഷ് പ്രസിഡന്റാകും. മുണ്ടേരി പഞ്ചായത്തില്‍ (കണ്ണൂർ) ചരിത്രത്തിലാദ്യമായി യു.ഡി.എഫിന് ഭരണം. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ തട്ടകമായ മുണ്ടേരിയിൽ സി.പി.എം അംഗത്തിന്റെ വോട്ട് അസാധുവായത് എൽ.ഡി.എഫിന് വിനയായി.

പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് യു.ഡി.എഫ് ഇവിടെ ഭരണത്തിലേറുന്നത്. 22 വാർഡുകളുള്ള പഞ്ചായത്തിൽ ഇരുമുന്നണികൾക്കും 11 അംഗങ്ങൾ വീതമാണുണ്ടായിരുന്നത്. എന്നാൽ, വോട്ടെടുപ്പിൽ സി.പി.എം അംഗം സുനിൽകുമാർ ബാലറ്റ് പേപ്പറിന്റെ മറുവശത്ത് ഒപ്പിടാത്തതിനെ തുടർന്ന് വോട്ട് അസാധുവായി. കെ.കെ. രാഗേഷിനോടുള്ള പ്രതിഷേധ സൂചകമായാണ് അംഗം വോട്ട് അസാധുവാക്കിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പുതിയ പ്രസിഡന്റ് മുസ്‌ലിം ലീഗിലെ സി.കെ. റസീന പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു (യുഡിഎഫ്-11, എൽഡിഎഫ്-10). 

What's Your Reaction?

like

dislike

love

funny

angry

sad

wow