ചെന്നൈ: മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണവുമായി ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി ചോദ്യം ചെയ്ത ഡി മണി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയല്ലെന്നും എസ്ഐടിയുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടി പറഞ്ഞെന്നും മണി പറഞ്ഞു. മാത്രമല്ല താന്‍ നിരപരാധിയാണെന്നും വേട്ടയാടരുതെന്നും ഡി മണി പറഞ്ഞു.
കൂടാതെ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയും ഡി മണി മുഴക്കി. കേരളത്തില്‍ ഒരു ബിസിനസും തനിക്കില്ല, നിരപരാധിയാണ്. മണിയുടെ സംഘാഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ അറിയില്ലെന്നും ഇയാൾ പറഞ്ഞു. എന്തിനാണ് അന്വേഷണം എന്ന് തന്നെ അറിയില്ല. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു സാധാരണക്കാരനാണ്.
തന്റെ പേര് ഡി മണിയല്ലെന്നും എംഎസ് മണിയാണെന്നും ഡി മണി ആവര്‍ത്തിച്ചു. എന്നെ മോശമായാണ് ചിത്രീകരിക്കുന്നത്. ഞാന്‍ സാധാരണക്കാരനാണ്. ശബരിമലയില്‍ ഇതുവരെ വന്നിട്ടില്ല. ഞാന്‍ ഉപയോഗിക്കുന്നത് ഉറ്റസുഹൃത്തായ ബാലമുരുകന്റെ സിം ആണെന്നും മണി പറഞ്ഞു. എന്നാല്‍ ഡി മണി പറയുന്നതെല്ലാം എസ്ഐടി മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് ദിണ്ടിഗലില്‍ എത്തി ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.