ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ സത്‌ന ജില്ലാ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികൾക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്.
തലാസീമിയ ബാധിതരായ നാല് കുട്ടികൾക്കാണ് എച്ച്ഐവി ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നത്. എട്ടും പതിനാലും വയസ്സിന് ഇടയിലുള്ള കുട്ടികൾക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. പതിവായി രക്തം മാറ്റുന്നതിനിടെയാണ് എച്ച്ഐവി ബാധിച്ചത്.
ആശുപത്രിയിൽ നിന്നും രക്തം മാറ്റിവെച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് പിഴവ് കണ്ടെത്തിയത്. അന്വേഷണം നടക്കുകയാണെന്നും കുട്ടികൾക്ക് രക്തം നൽകുന്നതിനു മുൻപ് നടത്തിയ പരിശോധനയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് പ്രവർത്തിക്കുന്നത് എന്നാണ് ആരോപണം. നാല് മാസം മുൻപാണ് കുട്ടികൾ ഈ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ചത് എന്നാണ് വിവരം. ഹോസ്പിറ്റലിനെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ രംഗത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.