കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; നാളെ എല്ലാ ജില്ലകളിലും മഴയെത്തിയേക്കും
കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ചൂടിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ മുതൽ ഏപ്രിൽ 22 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ എടുക്കുന്നതിൽ വീഴ്ച വരുത്തരുത്. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഒഴിവാക്കുക. ഇടിമിന്നൽ മനുഷ്യ ജീവനും വളർത്തുമൃഗങ്ങൾക്കും പുറമെ വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്തിയേക്കാം. മഴ പ്രവചനത്തിനിടയിലും സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുമെന്ന് മുന്നറിയിപ്പുണ്ട്.
വരും ദിവസങ്ങളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാം. പാലക്കാട് ജില്ലയിൽ താപനില 40°C വരെ ഉയർന്നേക്കാം. കൊല്ലത്ത് 39°C, കോട്ടയത്ത് 38°C, തിരുവനന്തപുരത്ത് 36°C എന്നിങ്ങനെയും മറ്റ് മിക്ക ജില്ലകളിലും 37°C വരെയും ചൂട് കൂടാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
What's Your Reaction?