ഛത്തീസ്ഗഢ് പവർ പ്ലാന്റ് സ്ഫോടനം: മരണസംഖ്യ 24 ആയി
സ്ഫോടനം നടന്ന ഉടൻ തന്നെ നാല് തൊഴിലാളികൾ സംഭവസ്ഥലത്ത് മരിച്ചിരുന്നു
റായ്പുർ: ഛത്തീസ്ഗഢിലെ സക്തി ജില്ലയിൽ പ്രവർത്തിക്കുന്ന വേദാന്ത പവർ പ്ലാന്റിലുണ്ടായ ബോയിലർ പൊട്ടിത്തെറിയിൽ മരണസംഖ്യ 24 ആയി ഉയർന്നു. ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മനീഷ് കുമാർ ഇന്ന് പുലർച്ചെ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പവർ പ്ലാന്റിലെ ബോയിലർ പൊട്ടിത്തെറിച്ച് ദാരുണമായ അപകടമുണ്ടായത്.
സ്ഫോടനം നടന്ന ഉടൻ തന്നെ നാല് തൊഴിലാളികൾ സംഭവസ്ഥലത്ത് മരിച്ചിരുന്നു. തുടർന്ന് വിവിധ ദിവസങ്ങളിലായി ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ് മരണപ്പെട്ടത്. ഏപ്രിൽ 15-ന് ഏഴ് പേരും, 16-ന് ഒരാളും, ശനിയാഴ്ച രണ്ട് പേരും മരണത്തിന് കീഴടങ്ങി.
നിലവിൽ 11 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരിൽ പശ്ചിമ ബംഗാൾ (7), ഛത്തീസ്ഗഢ് (5), ജാർഖണ്ഡ് (4), ഉത്തർപ്രദേശ് (4), ബീഹാർ (2), മധ്യപ്രദേശ് (2) എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഉൾപ്പെടുന്നു.
What's Your Reaction?