സർക്കാർ ജോലി ലഭിക്കാത്ത വിഷമം; ബിടെക് സ്വർണ മെഡൽ ജേതാവ് ആത്മഹത്യ ചെയ്തു

Jul 19, 2026 - 21:41
Jul 19, 2026 - 21:42
 0
സർക്കാർ ജോലി ലഭിക്കാത്ത വിഷമം; ബിടെക് സ്വർണ മെഡൽ ജേതാവ് ആത്മഹത്യ ചെയ്തു

ലക്നൗ: സർക്കാർ ജോലി ലഭിക്കാത്തതിലുള്ള മാനസികവിഷമത്തെ തുടർന്ന് 23 വയസ്സുകാരനായ ബിടെക് സ്വർണ മെഡൽ ജേതാവ് ആത്മഹത്യ ചെയ്തു. കാൺപുർ ഗോവിന്ദ് നഗർ സ്വദേശിയായ ആനന്ദിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

‘‘പപ്പാ, എന്നോട് ക്ഷമിക്കണം. ഒരു സർക്കാർ ജോലിക്കായി ഞാൻ അമ്പതോളം തവണ ശ്രമിച്ചു, പക്ഷേ വിജയിച്ചില്ല’’ എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.

2024ൽ കാൺപൂരിലെ പിഎസ്ഐടി എന്ന സ്വകാര്യ എൻജിനിയറിങ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ആനന്ദ് ഒന്നാം റാങ്കോടെയാണ് വിജയിച്ചത്. ഉത്തർപ്രദേശ് സംസ്ഥാനതലത്തിൽ മൂന്നാം റാങ്കും നേടിയിരുന്നു. 2024 ഓഗസ്റ്റിൽ നടന്ന ചടങ്ങിൽ കോളജ് അധികൃതർ ആനന്ദിന് സ്വർണമെഡൽ സമ്മാനിച്ചിരുന്നു.

ആനന്ദിന്റെ മൂത്ത സഹോദരന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ബിഹാറിലേക്ക് പോയിരിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ തനിച്ചായിരുന്ന ആനന്ദിനെ, വീട്ടുജോലിക്കാരി പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽക്കാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ബിടെക് പഠനത്തിനു ശേഷം പവർ ഗ്രിഡിൽ ഒരു വർഷത്തെ അപ്രന്റീഷിപ്പ് ആനന്ദ് പൂർത്തിയാക്കിയിരുന്നു. പിന്നീട് വിവിധ മത്സരപരീക്ഷകൾക്കായി നിരന്തരം തയ്യാറെടുപ്പിലായിരുന്നു.

പരീക്ഷകളിൽ പരാജയപ്പെട്ടതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ആനന്ദ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പിതാവ് രാജ്കുമാർ പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്ന് ഗോവിന്ദ് നഗർ എസ്എച്ച്ഒ അശോക് കുമാർ ദുബെ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow