ബംഗാളിൽ 'ദീദി' ഭരണത്തിന് അന്ത്യം? തൃണമൂൽ കോട്ടകൾ തകർത്ത് ബിജെപി; 200 സീറ്റുകളിലേക്ക് കുതിപ്പ്
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിമറിച്ചുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്രപരമായ മുന്നേറ്റം നടത്തുന്നു. 15 വർഷം നീണ്ടുനിന്ന മമതാ ബാനർജിയുടെ ഭരണത്തിന് അന്ത്യം കുറിക്കുമെന്ന സൂചനകൾ നൽകിക്കൊണ്ട് ബിജെപി സംസ്ഥാനത്ത് 200 സീറ്റുകളിലേക്ക് അടുക്കുകയാണ്. തൃണമൂൽ കോൺഗ്രസിന്റെ ഉറച്ച കോട്ടകളിൽ പോലും ബിജെപി അട്ടിമറി വിജയം നേടുന്ന കാഴ്ചയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാണുന്നത്.
ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിനൊപ്പം തൃണമൂലിന്റെ പരമ്പരാഗത മുസ്ലിം വോട്ട് ബാങ്കുകളിൽ ഉണ്ടായ വിള്ളലുമാണ് ബിജെപിക്ക് തുണയായതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ മുസ്ലിം ഭൂരിപക്ഷ ബൂത്തുകളിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഭവാനിപൂരിൽ മുഖ്യമന്ത്രി മമതാ ബാനർജി ആദ്യ റൗണ്ടുകളിൽ മുന്നിട്ടുനിന്നേക്കാമെങ്കിലും പത്താം റൗണ്ടിന് ശേഷം ബിജെപി ലീഡ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.
ബംഗാളിന് പുറമെ കേരളത്തിൽ യുഡിഎഫ് തരംഗവും തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന ടിവികെയുടെ അപ്രതീക്ഷിത മുന്നേറ്റവും ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ബംഗാളിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ബിജെപി കേവല ഭൂരിപക്ഷം കടന്നാൽ അത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഴിത്തിരിവുകളിൽ ഒന്നായി മാറും.
What's Your Reaction?