അണ്ണാ അറിവാലയത്തിൽ നിശബ്ദത; തമിഴകത്ത് വിജയ് തരംഗം, ഡിഎംകെ ആസ്ഥാനം വിജനം
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ഡിഎംകെ ക്യാമ്പുകളിൽ നിശബ്ദത പടരുന്നു. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (TVK) അവിശ്വസനീയമായ കുതിപ്പ് തുടരുന്നതിനിടെ ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയം പ്രവർത്തകരൊഴിഞ്ഞ നിലയിലാണ്. രാവിലെ വിജയാഘോഷങ്ങൾക്കായി ഒരുക്കിയിരുന്ന പന്തലുകളും കസേരകളും അപ്രതീക്ഷിത തിരിച്ചടിയെത്തുടർന്ന് നീക്കം ചെയ്തു തുടങ്ങി.
കന്നിയങ്കത്തിൽ തന്നെ തമിഴകത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിക്കുറിക്കുകയാണ് വിജയ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ 15 സീറ്റുകളിൽ തുടങ്ങിയ മുന്നേറ്റം ഇപ്പോൾ 104 സീറ്റുകളുടെ ലീഡായി ഉയർന്നിരിക്കുന്നു. ഡിഎംകെയുടെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ, പ്രത്യേകിച്ച് നഗരമേഖലകളിൽ ടിവികെ വലിയ വിള്ളലുകൾ വീഴ്ത്തിയതാണ് ഭരണകക്ഷിക്ക് തിരിച്ചടിയായത്.
പരമ്പരാഗത ദ്രാവിഡ പാർട്ടികൾക്കിടയിലേക്ക് ഒരു മൂന്നാം ശക്തിയുടെ കടന്നുവരവ് തമിഴ്‌നാട് എങ്ങനെ സ്വീകരിക്കുന്നു എന്നതിന്റെ തെളിവായി മാറുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരായ വികാരം വോട്ടായി മാറിയപ്പോൾ അത് ടിവികെയുടെ പെട്ടിയിലാണ് വീണതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
What's Your Reaction?