ചുവപ്പുകോട്ടകളിൽ 'തിരുത്തൽ' കൊടുങ്കാറ്റ്; പിണറായിക്കും ശൈലജയ്ക്കും കാലിടറുന്നു, കണ്ണൂർ പിടിച്ചെടുത്ത് യുഡിഎഫ്
"നേതൃത്വത്തെ അണികൾ തിരുത്തണം" എന്ന വി. കുഞ്ഞികൃഷ്ണന്റെ വാക്കുകൾ വെറുമൊരു പുസ്തകശീർഷകമായിരുന്നില്ല, മറിച്ച് കണ്ണൂരിലെ രാഷ്ട്രീയ വിധി മാറ്റിക്കുറിച്ച വിപ്ലവ മന്ത്രമായിരുന്നെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നു. സിപിഎമ്മിന്റെ ഉറച്ച കോട്ടകളായ പയ്യന്നൂരും തളിപ്പറമ്പും തകരുന്ന കാഴ്ചയ്ക്കാണ് വോട്ടെണ്ണൽ സാക്ഷ്യം വഹിക്കുന്നത്. അഴിമതിക്കെതിരെ കലഹിച്ച വി. കുഞ്ഞികൃഷ്ണനും പാർട്ടി നിലപാടുകളിൽ പ്രതിഷേധിച്ച് രംഗത്തിറങ്ങിയ ടി.കെ. ഗോവിന്ദനും യുഡിഎഫ് പിന്തുണയോടെ നടത്തുന്ന മുന്നേറ്റം ചുവപ്പുകോട്ടകളെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിക്കുകയാണ്.
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മട്ടന്നൂരിൽ കെ.കെ. ശൈലജയും നേരിടുന്ന അവിശ്വസനീയമായ തിരിച്ചടി കേരള രാഷ്ട്രീയത്തിലെ തന്നെ വലിയ അട്ടിമറിയായി മാറുന്നു. കണ്ണൂരിലെ 11 മണ്ഡലങ്ങളിൽ 9 ഇടത്തും യുഡിഎഫ് വിജയത്തിലേക്ക് കുതിക്കുമ്പോൾ, അണികൾ നേതൃത്വത്തെ ബാലറ്റിലൂടെ തിരുത്തിയെന്നതാണ് വ്യക്തമാകുന്നത്. വ്യക്തിപൂജയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെ പാർട്ടിക്കുള്ളിൽ ഉയർന്നുവന്ന തിരുത്തൽ വാദങ്ങളെ ശരിവെച്ചുകൊണ്ട്, ചുവപ്പ് കണ്ടാൽ വോട്ട് കുത്തിയിരുന്ന കണ്ണൂരിലെ ഗ്രാമങ്ങൾ ഇന്ന് മാറ്റത്തിന്റെ കാറ്റിലാണ്.
What's Your Reaction?