കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച് പശ്ചിമ ബംഗാളിലെ സുവേന്ദു അധികാരി സർക്കാർ"
കൊൽക്കത്ത: കേന്ദ്ര സർക്കാരിന്റെ മാതൃകാ സ്കൂൾ പദ്ധതിയായ 'പിഎം ശ്രീ'യിൽ (PM SHRI) പശ്ചിമ ബംഗാൾ സർക്കാർ ഔദ്യോഗികമായി ഒപ്പുവെച്ചു. മുഖ്യമന്ത്രിയായി സുവേന്ദു അധികാരി അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിലാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കാനുള്ള നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. മുൻപ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ബംഗാളിന് പുറമേ കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും ഈ പദ്ധതി നടപ്പിലാക്കാൻ വിമുഖത കാണിച്ചിരുന്നവയാണ്.
എന്നാൽ കേരളത്തിലും തമിഴ്നാട്ടിലും പുതിയ സർക്കാരുകൾ അധികാരമേറ്റ പശ്ചാത്തലത്തിൽ, ഈ സംസ്ഥാനങ്ങളിലും പിഎം ശ്രീ നടപ്പിലാക്കാനുള്ള ഊർജിത ശ്രമങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ട് പോവുകയാണ്. പദ്ധതി അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം കത്തയച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതി ഉടനടി നടപ്പിലാകുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകളാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
What's Your Reaction?

