വർഗീയ അധിക്ഷേപ പരാതി: നടൻ ടിനി ടോമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
കൊച്ചി: വർഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് കേസെടുത്തു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനും മതപരമായ വിദ്വേഷം വളർത്താൻ ശ്രമിച്ചതിനുമാണ് ടിനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തനിക്കെതിരെ ടിനി ടോം തുടർച്ചയായി വ്യാജവും അപകീർത്തികരവുമായ പ്രചാരണങ്ങൾ നടത്തിയെന്ന് കാണിച്ച് കഴിഞ്ഞ ജൂൺ ഒന്നിനാണ് അൻസിബ പൊലീസിൽ പരാതി നൽകിയത്. ടിനിയുടെ ഡ്രൈവറെ താൻ മതം മാറ്റാൻ ശ്രമിച്ചു എന്നതടക്കമുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് തന്നേയും കുടുംബത്തേയും വേട്ടയാടാൻ ശ്രമിച്ചുവെന്നും, ഇത് വലിയ മാനസിക പീഡനത്തിന് കാരണമായെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ ഈ വെളിപ്പെടുത്തലുകൾ നടത്തിയ ശേഷമാണ് നടി നിയമനടപടികളിലേക്ക് കടന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നടിമാരായ ശ്വേതാ മേനോൻ, നീന കുറുപ്പ് എന്നിവരുടെയും ടിനി ടോമിന്റെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വന്ന ചില പരാമർശങ്ങൾ അൻസിബയെ ഉദ്ദേശിച്ചുള്ളതല്ലെന്നും പൊതുവായതാണെന്നുമാണ് ശ്വേത മൊഴി നൽകിയത്. താൻ അത്തരം വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്ന് ടിനി ടോം വ്യക്തമാക്കിയപ്പോൾ, ചില കാര്യങ്ങൾ കേട്ടറിവുണ്ടെന്നായിരുന്നു നീന കുറുപ്പിന്റെ പ്രതികരണം. എന്നാൽ ഇതിന് കൃത്യമായ തെളിവുകളോ സമയമോ വ്യക്തമാക്കാൻ നീനയ്ക്ക് കഴിഞ്ഞിരുന്നില്ല. മറ്റൊരാൾ പറഞ്ഞു കേട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് കാണിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും, അൻസിബ ഇതിനെതിരെ സ്വകാര്യ ഹർജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ പക്കലുള്ള ഡിജിറ്റൽ തെളിവുകൾ കൂടി അൻസിബ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് ഇപ്പോൾ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.
What's Your Reaction?



