ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യക്ക് ആറാം അണ്ടർ-19 ലോകകപ്പ്; വൈഭവ് സൂര്യവംശിക്ക് വെടിക്കെട്ട് സെഞ്ചുറി
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് എന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തി
ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ആറാം തവണയും അണ്ടർ-19 ലോകകപ്പ് കിരീടം ചൂടി. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലർത്തിയ പ്രകടനമാണ് ഇന്ത്യൻ യുവനിര കാഴ്ചവെച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് എന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തി.
വെറും 80 പന്തിൽ നിന്ന് 175 റൺസ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 412 റൺസ് എന്ന അസാധ്യ ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി കലേബ് ഫാൽകോണർ (115) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ബെൻ ഡോക്കിൻസ് 66 റൺസും നേടി. ഇന്ത്യക്ക് വേണ്ടി ആർ.എസ്. ആംബ്രിഷ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ദീപേഷ് ദേവേന്ദ്രൻ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
തുടക്കത്തിൽ തന്നെ ജോസഫ് മൂഴ്സിനെ (17) നഷ്ടമായ ഇംഗ്ലണ്ടിനെ ഡോക്കിൻസ് - ബെൻ മയേസ് സഖ്യം കരകയറ്റാൻ ശ്രമിച്ചെങ്കിലും ഖിലൻ പട്ടേൽ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. മധ്യനിരയിൽ റാൽഫി ആൽബെർട്ട് ഉൾപ്പെടെയുള്ളവർ പൂജ്യത്തിന് പുറത്തായപ്പോൾ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ജെയിംസ് മിന്റോയ്‌ക്കൊപ്പം (28) ചേർന്ന് ഫാൽകോണർ 92 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി പ്രതീക്ഷ നൽകിയെങ്കിലും ആംബ്രിഷ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഒടുവിൽ 41-ാം ഓവറിൽ ഫാൽകോണർ വീണതോടെ ഇന്ത്യ കിരീടം ഉറപ്പിച്ചു.
What's Your Reaction?

