കേരളം പോളിംഗ് ബൂത്തിൽ; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്; 10 മണിയോടെ 16 ശതമാനം പിന്നിട്ടു
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 30,495 ബൂത്തുകളിലും വോട്ടെടുപ്പ് സമാധാനപരമായി തുടരുന്നു
തിരുവനന്തപുരം: കേരളം കാത്തിരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ആദ്യ മണിക്കൂറുകളിൽ തന്നെ റെക്കോർഡ് പോളിംഗ്. രാവിലെ 10 മണി പിന്നിടുമ്പോൾ സംസ്ഥാനത്തെ പോളിംഗ് ശതമാനം 16 കടന്നു. നഗര-ഗ്രാമ ഭേദമന്യേ വോട്ടർമാരുടെ നീണ്ട നിരയാണ് ബൂത്തുകളിൽ ദൃശ്യമാകുന്നത്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 30,495 ബൂത്തുകളിലും വോട്ടെടുപ്പ് സമാധാനപരമായി തുടരുന്നു. എസ്ഐആർ (SIR) പ്രഭാവം മൂലം ഇത്തവണ പോളിംഗ് 80 ശതമാനത്തിന് മുകളിൽ എത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്. 2.71 കോടി ആളുകളാണ് ഇത്തവണ വോട്ടവകാശം വിനിയോഗിക്കുന്നത്. 23 ദിവസം നീണ്ട ആവേശകരമായ പ്രചാരണത്തിനൊടുവിൽ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
സംസ്ഥാനത്തുടനീളം 30,495 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ തന്നെ രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖർ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാവിലെ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, പ്രിയതാരം മോഹൻലാൽ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തേക്കാൾ ആവേശകരമായ ത്രികോണ മത്സരമാണ് പല മണ്ഡലങ്ങളിലും നടക്കുന്നത്. വോട്ടർമാർക്ക് വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്ന എസ്ഐആർ സംവിധാനവും പോളിംഗ് ശതമാനം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. വോട്ടെടുപ്പ് അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ പലയിടത്തും വോട്ടർമാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
What's Your Reaction?