സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗബാധ പാലക്കാട് സ്വദേശിക്ക്
ഒക്ടോബർ അഞ്ചിനാണ് ഇദ്ദേഹം കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആദ്യമായി ചികിത്സ തേടിയത്

പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അപൂർവവും മാരകവുമായ അമീബിക് മസ്തിഷ്ക ജ്വരം (Amoebic Meningoencephalitis) സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ കൊടുമ്പ് പഞ്ചായത്തിലെ 62 വയസുള്ള ഒരാൾക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിൽ നേരത്തെ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു.
ഒക്ടോബർ അഞ്ചിനാണ് ഇദ്ദേഹം കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആദ്യമായി ചികിത്സ തേടിയത്.
തുടർന്ന്, കൊടുവായൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഒക്ടോബർ ആറിന് നടത്തിയ പ്രാഥമിക പരിശോധനയിൽ രോഗസൂചന ലഭിച്ചു. ഒക്ടോബർ എട്ടിന രോഗം സ്ഥിരീകരിച്ചതോടെ, വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ രോഗി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്.
രോഗത്തിൻ്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായുള്ള അന്വേഷണം ആരോഗ്യ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്. രോഗ ഉറവിടം കണ്ടെത്താനായി പ്രദേശത്തെ അഞ്ച് ജലസ്രോതസ്സുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യ വകുപ്പിൻ്റെ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും തുടരുകയാണ്.
What's Your Reaction?






