'വൈഷ്ണ സുരേഷിന് വോട്ട് ചെയ്യാം, മത്സരിക്കാം'; വോട്ട് നീക്കിയ നടപടി റദാക്കി
കോൺഗ്രസ് സ്ഥാനാർത്ഥിയായി വൈഷ്ണ സുരേഷ് നാമനിർദ്ദേശ പത്രിക നൽകാൻ ഇരിക്കെയാണ്, വോട്ടർ പട്ടികയിൽ പേരില്ലെന്ന കാരണം പറഞ്ഞ് കമ്മീഷൻ്റെ മുൻ നടപടി വന്നത്
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാൻ അനുമതി. വൈഷ്ണയ്ക്ക് വോട്ട് ചെയ്യാനും സ്ഥാനാർത്ഥിയായി മത്സരിക്കാനും അനുമതി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ഇതോടെ, വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുകയും വോട്ടർ പട്ടികയിൽ നിന്ന് നീക്കിയ നടപടി കമ്മീഷൻ റദ്ദാക്കുകയും ചെയ്തു.
കോൺഗ്രസ് സ്ഥാനാർത്ഥിയായി വൈഷ്ണ സുരേഷ് നാമനിർദ്ദേശ പത്രിക നൽകാൻ ഇരിക്കെയാണ്, വോട്ടർ പട്ടികയിൽ പേരില്ലെന്ന കാരണം പറഞ്ഞ് കമ്മീഷൻ്റെ മുൻ നടപടി വന്നത്. ഈ നടപടി ചോദ്യം ചെയ്താണ് വൈഷ്ണ സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്.
സിംഗിൾ ബെഞ്ചിൻ്റെ നിരീക്ഷണം: പ്രാഥമിക വാദം കേട്ട ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ്റെ നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. "അനാവശ്യ രാഷ്ട്രീയം കളിച്ച് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ല. ഒരു ചെറുപ്പക്കാരി മത്സരിക്കാൻ തയാറായി എത്തുമ്പോൾ ഇത്തരത്തിലാണോ പെരുമാറേണ്ടത്? അത് അനീതിയാണ്." സാങ്കേതിക കാരണങ്ങൾ പറഞ്ഞ് 24 വയസ്സുള്ള പെൺകുട്ടിയുടെ വോട്ടവകാശം തടയുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് തന്നെ ഒഴിവാക്കിയതെന്നും വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്നുമായിരുന്നു വൈഷ്ണയുടെ ആവശ്യം. കോടതിയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് വൈഷ്ണയ്ക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
What's Your Reaction?