ഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. തോൽവി പരിശോധിക്കുമെന്നും കോൺഗ്രസ് ഘടകകക്ഷികളുമായി സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
നടന്നത് വോട്ടുകൊള്ളയെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. മത്സരിച്ചതില്‍ 90 ശതമാനം സീറ്റിലും ജയിക്കുന്നത് അത്യപൂര്‍വ്വമാണ്. അങ്ങനെ ഒരു സാഹചര്യം ബിഹാറിൽ ഉണ്ടായിരുന്നതായി ഞങ്ങൾക്കാർക്കും ബോധ്യപ്പെട്ടിട്ടില്ല. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനുേ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഫലം കൃത്യമായി വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വലിയ തട്ടിപ്പുകൾ നടന്നു. അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എന്താണ് സംഭവിച്ചതെന്ന് ബൂത്ത് കേന്ദ്രീകരിച്ച് ഡാറ്റ ശേഖരിച്ച് പരിശോധന നടത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഇതിനെതിരെ ശക്തമായിട്ടുള്ള നിയമ നടപടികളും, തുടർനടപടികളും ഉണ്ടാവും. തോൽവി ഒറ്റക്കെട്ടായി ഇന്ത്യ സഖ്യം പരിശോധിക്കുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.