വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ പക; 50 ട്രാൻസ്‌ഫോർമറുകളിലെ ഫ്യൂസുകൾ ഊരിയെറിഞ്ഞ യുവാവ് കസ്റ്റഡിയില്‍
വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലധികം ഉപയോക്താക്കൾക്ക് ഏകദേശം രണ്ട് മണിക്കൂറോളം വൈദ്യുതി മുടങ്ങി
കാസർകോട്: ബിൽ കുടിശ്ശികയെ തുടർന്ന് കെ.എസ്.ഇ.ബി. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പ്രതികാരമായി, 50 ട്രാൻസ്‌ഫോർമറുകളിലെ ഫ്യൂസുകൾ ഊരിയെറിഞ്ഞ കാസർകോട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലധികം ഉപയോക്താക്കൾക്ക് ഏകദേശം രണ്ട് മണിക്കൂറോളം വൈദ്യുതി മുടങ്ങി.
യുവാവിന് കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ ഇനത്തിൽ 22,000 രൂപയായിരുന്നു കുടിശ്ശികയുണ്ടായിരുന്നത്. പണം അടയ്‌ക്കേണ്ട അവസാന തീയതി 12-ന് ആയിരുന്നു. 13-ന് നെല്ലിക്കുന്ന് വൈദ്യുതി സെക്ഷൻ ഓഫീസിൽ നിന്ന് വിളിച്ചതിന് പിന്നാലെ, ഓഫീസിലെ ഫോണിലേക്ക് വധഭീഷണി മുഴക്കിക്കൊണ്ട് സന്ദേശം എത്തിയതായി കെ.എസ്.ഇ.ബി. അധികൃതർ പറയുന്നു.
ഇന്നലെ രാവിലെ വീട്ടിലെത്തിയ ജീവനക്കാർ ഫ്യൂസ് ഊരുന്നതിന് പകരം തൂണിൽ നിന്നുള്ള കണക്ഷൻ വിച്ഛേദിച്ചു. വൈകുന്നേരം ഒരു കുട്ടിയുമായി ഓഫീസിലെത്തിയ യുവാവ് ഭീഷണി മുഴക്കുകയും കൈവശമുണ്ടായിരുന്ന പണക്കെട്ട് കാണിച്ച് ബില്ലടയ്ക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമയം കഴിഞ്ഞെന്ന് ജീവനക്കാർ അറിയിച്ചതോടെ ഇയാൾ ബഹളം വെച്ച് ഇറങ്ങിപ്പോകുകയായിരുന്നു.
യുവാവ് മടങ്ങിയതിന് പിന്നാലെ പലയിടങ്ങളിൽ നിന്നും വൈദ്യുതി മുടങ്ങിയതായി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് തുടർച്ചയായി ഫോൺ വിളികളെത്തി. ജീവനക്കാർ ട്രാൻസ്‌ഫോമറുകൾ പരിശോധിച്ചപ്പോഴാണ് 50-ഓളം ട്രാൻസ്‌ഫോമറുകളുടെ ഫ്യൂസുകൾ ഊരിയെറിയുകയും ചിലത് പൊട്ടിക്കുകയും ചെയ്തതായി കണ്ടെത്തിയത്.
ഫ്യൂസ് ഊരുന്നതിനിടെ ഇയാളെ നാട്ടുകാർ കാണുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. സംഭവത്തിൽ കെ.എസ്.ഇ.ബിക്ക് ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ട്. കെ.എസ്.ഇ.ബി. അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.
What's Your Reaction?