ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; വണ്ടാനം മെഡിക്കൽ കോളേജ് സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു

പോലീസിനെ വെട്ടിച്ച് അതിരാവിലെയാണ് പ്രവർത്തകർ മന്ത്രിയുടെ വസതിയിലെത്തിയത്

Feb 21, 2026 - 09:47
Feb 21, 2026 - 09:47
 0
ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; വണ്ടാനം മെഡിക്കൽ കോളേജ് സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. അതിരാവിലെ ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രവർത്തകർ വസതിക്ക് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.

പോലീസിനെ വെട്ടിച്ച് അതിരാവിലെയാണ് പ്രവർത്തകർ മന്ത്രിയുടെ വസതിയിലെത്തിയത്. ഈ സമയം രണ്ട് പോലീസുകാർ മാത്രമാണ് സുരക്ഷയ്ക്കുണ്ടായിരുന്നത്. സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് സമീപമുള്ള അതീവ സുരക്ഷാ മേഖലയിലെ മന്ത്രിയുടെ വസതിയിൽ പ്രവർത്തകർ അതിക്രമിച്ചു കയറിയത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

പ്രതിഷേധം നടക്കുമ്പോൾ മന്ത്രിയോ ബന്ധുക്കളോ വസതിയിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ തുടർച്ചയായ വീഴ്ചകൾ ചൂണ്ടിക്കാട്ടി മന്ത്രിക്കെതിരെ കടുത്ത ആരോപണങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. ചികിത്സാ പിഴവുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

കേരളത്തിലെ ആരോഗ്യ വകുപ്പ് 'കാലന്റെ ആരോഗ്യ വകുപ്പായി' മാറിയെന്ന് പ്രവർത്തകർ പരിഹസിച്ചു. ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടും റിപ്പോർട്ടുകൾ തേടുന്നു എന്നല്ലാതെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി തയ്യാറാകുന്നില്ലെന്നും, ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണെന്നും അവർ ആരോപിച്ചു. നിലവിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow