ഗുജറാത്തിൽ മുൻ എ.എ.പി സ്ഥാനാർത്ഥിയായ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പങ്കാളിക്കെതിരെ കൊലപാതക ആരോപണവുമായി കുടുംബം
അഹമ്മദാബാദ്: ഗുജറാത്തിൽ ഇരുപത്തിമൂന്നുകാരിയായ യുവതിയെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. രാജ്‌കോട്ടിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നന്ദിനി ബോസമിയ എന്ന യുവതിയുടെ മരണത്തിലാണ് ലിവ്-ഇൻ പങ്കാളിക്കെതിരെ കുടുംബം കൊലപാതകക്കുറ്റം ആരോപിക്കുന്നത്. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ജെറ്റ്പൂർ ടൗണിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായിരുന്നു നന്ദിനി. യുവതിയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വിവാഹിതനായ അസ്ലം ഹുസൈൻ സമ എന്ന യുവാവിനൊപ്പമായിരുന്നു നന്ദിനി ലിവിങ് റിലേഷനിൽ കഴിഞ്ഞിരുന്നത്. ഇയാൾ ജുനാഗഡിലുള്ള തന്റെ ഭാര്യയെ ഇടയ്ക്കിടെ സന്ദർശിക്കുന്നത് നന്ദിനിയെ മാനസികമായി വിഷമിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിൽ നിരന്തരം വഴക്കുകൾ നടന്നിരുന്നതായും പങ്കാളി നന്ദിനിയെ കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ പരാതി.
ജൂൺ 22-നാണ് ഗൊണ്ടൽ ക്രോസ്‌റോഡ്‌സിലുള്ള ഫ്ലാറ്റിൽ നന്ദിനിയെ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് നിലവിൽ അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്നും തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും കാണിച്ച് മരണത്തിന് തൊട്ടുമുമ്പ് നന്ദിനി സഹോദരിക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. യുവതിയുടെ മൊബൈൽ ഫോൺ കണ്ടെടുത്ത പൊലീസ് അത് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം, കോൾ വിശദാംശങ്ങൾ കൂടി പരിശോധിച്ച് ആവശ്യമെങ്കിൽ പങ്കാളിയായ യുവാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
What's Your Reaction?



