ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിയിരിക്കെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭീകരാക്രമണം നടത്തിയത് ആറംഗ സംഘമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതിൽ രണ്ടുപേർ പാകിസ്ഥാനിൽ നിന്നും പ്രത്യേകം പരിശീലനം ലഭിച്ചവർ ആണ്. ഇതിനിടെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദ സംഘത്തിലാെരാളുടെ ആദ്യ ചിത്രം പുറത്തുവിട്ടു. രണ്ടു സംഘങ്ങളായിട്ടാണ് ഭീകരർ എത്തിയത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നാണ് സൂചന.ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ - ഐഎസ്ഐ ആസൂത്രിത ആക്രമണമെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്.
ഭീകരാക്രമണത്തില്‍ മരണ സംഖ്യ 25 ആയതായി റിപ്പോര്‍ട്ടുകള്‍. 20ല്‍ ഏറെ പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്‍റെ മൃതദേഹം നാടുകളിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ദൃക്‌സാക്ഷികൾ പങ്കുവയ്ക്കുന്നത്. സൈനിക വേഷത്തിൽ തോക്കുകളുമായി ഭീകരർ എത്തിയപ്പോൾ പലരും കരുതിയത് മോക് ഡ്രില്ലാണെന്നായിരുന്നു. ആക്രമണത്തിൽ ഭർത്താവ് ഭീകരവാദിയുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത് കണ്ട ഭാര്യ തന്നെയും മകനെയും കൂടി വെടിവെച്ച് കൊല്ലൂവെന്ന് പറഞ്ഞപ്പോൾ ''നിന്നെ ഞങ്ങൾ കൊല്ലില്ല, പോകൂ, പോയി മോദിയോട് പറയൂ. എന്നാണ് ഭീകരർ ഇവരോട് മറുപടി പറഞ്ഞത്.