മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിർദേശം ചെയ്യാൻ കേരളത്തിന് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെ നിർദേശം

Jun 26, 2026 - 00:51
Jun 26, 2026 - 00:51
 0
മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിർദേശം ചെയ്യാൻ കേരളത്തിന് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെ നിർദേശം

തൊടുപുഴ: മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിർദേശം ചെയ്യാൻ കേരളത്തിന് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി നിർദേശം നൽകി. കേരളത്തിന്റെ പ്രതിനിധിയായിരുന്ന ടി. ആർ. ശിവരാജിനെ മാറ്റി ഉത്തർപ്രദേശിൽ നിന്നുള്ള പ്രതിനിധി എം. എൽ. ശർമ്മയെ സമിതിയിൽ ഉൾപ്പെടുത്തിയത് നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേരളത്തിന് അനുകൂലമായ പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.

തമിഴ്‌നാട്ടിൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷം നടത്തിയ നയപ്രഖ്യാപനത്തിൽ, മുല്ലപ്പെരിയാറിൽ പുതിയ ഡാം ആവശ്യമില്ലെന്നും നിലവിലുള്ള അണക്കെട്ടിന്റെ സുരക്ഷ വർദ്ധിപ്പിച്ചാൽ മതിയെന്നുമുള്ള നിലപാട് സ്വീകരിച്ചത് ഏറെ ചർച്ചയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെക്കൂടി ഒഴിവാക്കിയത് മുല്ലപ്പെരിയാർ പ്രദേശവാസികളിൽ വലിയ ആശങ്ക പരത്തി. തുടർന്ന് സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഈ വിഷയത്തിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തുകയും കേന്ദ്ര സർക്കാരിനെ നേരിട്ട് സമീപിക്കുകയുമായിരുന്നു.

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സംസ്ഥാനത്തിന്റെ പ്രതിനിധിയില്ലാതെ കൈക്കൊള്ളുന്നത് തികച്ചും അനൗചിത്യമാണെന്നായിരുന്നു കേരളത്തിന്റെ പ്രധാന വിമർശനം. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആശങ്കകൾ കേന്ദ്രത്തെ കൃത്യമായി ധരിപ്പിക്കാൻ സംസ്ഥാനത്തുനിന്നുള്ള അംഗം സമിതിയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും കേരളം വ്യക്തമാക്കിയിരുന്നു. കേന്ദ്ര അതോറിറ്റിയുടെ പുതിയ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ, സമിതിയിലേക്കുള്ള പുതിയ അംഗത്തെ ഉടൻ തന്നെ നാമനിർദേശം ചെയ്യുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow