തിരുവനന്തപുരം: തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വത്തെ അറിയിച്ചു. താൻ നിരപരാധിയെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളോട് ആശയവിനിമയം നടത്തിയെന്നും രാഹുൽ അറിയിച്ചു.
എന്നാൽ രാഹുലിൻ്റെ വാദം തള്ളുകയാണ് കോൺഗ്രസ് നേതൃത്വം ചെയ്തത്. ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. പുറത്തുവന്ന തെളിവുകൾ ഗൗരവമുള്ളതെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലവിൽ പാർട്ടി അന്വേഷണം ഇല്ലെന്നാണ് സൂചന. യുവതികളെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതടക്കം ഗുരുതരമായ ഫോൺ സംഭാഷണങ്ങളും ചാറ്റുകളും പുറത്തുവന്ന പശ്ചാത്തലത്തിൽ സസ്‌പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് സംരക്ഷണം നൽകേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം.