എറണാകുളം: രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ ദേശീയ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി കേരളം. ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് എന്ന പേരിൽ സാംസ്കാരിക സമ്മേളനം ഡിസംബറിലോ ജനുവരിയിലോ നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. എറണാകുളം ടൗൺ ഹാളിൽ സംഘാടക സമിതി രൂപീകരണ യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും വെല്ലുവിളികളെ നേരിടുന്ന കാലഘട്ടത്തിൽ സാംസ്കാരിക മേഖലയിലൂടെ മതനിരപേക്ഷതയെ ഉയർത്തിക്കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ പ്രവർത്തിക്കുന്നതും.
ഏകഭാഷയും ഏകമതവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കാലത്ത് രാജ്യത്തിന്റെ വൈവിധ്യത്തെ ഉയർത്തിക്കാണിക്കും. ഭരണസംവിധാനങ്ങളെ കൈപിടിയിൽ ഒതുക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ജനാധിപത്യത്തേയും മതനിരപേക്ഷതയേയും സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതോടൊപ്പം കേരളത്തിൽ ഉയർന്നു വരുന്ന ബദൽ രാഷ്ട്രീയവും ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിൽ ചർച്ച ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയുടെ ഭാഗമാകും.
ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന സിനിമാപ്രദർശനങ്ങൾ, വിവിധതരം നൃത്തങ്ങൾ, ഡോക്യുമെന്ററികൾ, ഫോക്ക്ലോർ കലാരൂപങ്ങൾ, ഭക്ഷ്യമേള, പുസ്തകമേള, രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും ചരിത്രം വിശകലനം ചെയ്യുന്ന വിവിധതരം സെമിനാറുകൾ, ഭാഷകളുമായും സംസ്കാരങ്ങളുമായും ബന്ധപ്പെട്ട ചർച്ചകൾ, സർക്കസുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.
സാഹിത്യ, സാംസ്കാരിക, കലാമേഖലകളിലെ എല്ലാ വിഭാഗവും കോൺക്ലേവിൽ ഉണ്ടാകും. അന്തർദേശീയ, ദേശീയ, സംസ്ഥാന തലത്തിലുള്ള കലകളും സംഗീതവും കൊച്ചിക്കാർക്ക് ആസ്വദിക്കാൻ കഴിയും. മൂന്നു ദിവസത്തെ പ്രധാന പരിപാടികൾക്ക് പുറമേ അനുബന്ധമായി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും ഉണ്ടാകും.
കൾച്ചറൽ കോൺഗ്രസ് ഡിസംബർ 18 മുതൽ 20 വരെ കൊച്ചിയിൽ നടത്താനാണ് സംസ്കാരിക വകുപ്പിൻ്റെ തീരുമാനം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നീട്ടേണ്ടി വന്നാൽ ജനുവരിയിലേക്ക് മാറ്റിയേക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
യോഗത്തിൽ കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ എന്നിവർ ഉപരക്ഷാധികാരികളും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ചെയർമാനുമായ സംഘാടക സമിതി രൂപീകരിച്ചു. 1001 അംഗ ജനറൽ കമ്മിറ്റിയും 251 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണ് രൂപീകരിച്ചിട്ടുള്ളത്.
കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽകുമാറാണ് ജനറൽ കൺവീനർ. സാംസ്കാരിക വകുപ്പ് പ്രവർത്തിക്കുന്ന ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, കേരള സംസ്ഥാന ബുക്ക്മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു എന്നിവർ ജോയിന്റ് കൺവീനർമാരാണ്. ജില്ലയിലെ മുഴുവൻ എംപിമാരെയും എംഎൽഎമാരെയും സാമൂഹ്യ, സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെയും വൈസ് ചെയർമാൻമാരായി തിരഞ്ഞെടുത്തു.
ജില്ലാപഞ്ചായത്ത് പ്രസിഡൻറ്, കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ, സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷർ, ജനപ്രതിനിധികൾ, സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളുടേയും ഭാരവാഹികൾ, വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയവർ കമ്മിറ്റിയിൽ അംഗങ്ങളാകും.
ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, കേരള സംസ്ഥാന ബുക്ക്മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു, ചലച്ചിത്ര അക്കാദമി അധ്യക്ഷൻ പ്രേംകുമാർ, സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗങ്ങളായ തനൂജ ഭട്ടതിരി, വിജയ രാജമല്ലിക, സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ അക്കാദമികളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും ചെയർമാന്മാർ, സെക്രട്ടറിമാർ, കലാ-സാംസ്കാരിക-സാഹിത്യ-സിനിമ മേഖലകളിലെ പ്രമുഖർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.