ചാറ്റ് ജിപിടി ഉപയോഗിച്ച് ബോംബ് നിർമാണം, കശ്മീരിൽ പരീക്ഷണം; ചെങ്കോട്ട സ്‌ഫോടനക്കേസിൽ എൻ.ഐ.എ കുറ്റപത്രം പുറത്ത്

May 25, 2026 - 19:57
May 25, 2026 - 19:58
 0
ചാറ്റ് ജിപിടി ഉപയോഗിച്ച് ബോംബ് നിർമാണം, കശ്മീരിൽ പരീക്ഷണം; ചെങ്കോട്ട സ്‌ഫോടനക്കേസിൽ എൻ.ഐ.എ കുറ്റപത്രം പുറത്ത്

ന്യൂഡൽഹി: രാജ്യാന്തര ഭീകരസംഘടനയായ അൽഖൊയ്ദയുമായി ബന്ധമുള്ള അൻസർ ഖസ്വത് ഉൽ ഹിന്ദിലെ ഭീകരർ, 2025 നവംബർ പത്തിന് 15 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിനായുള്ള ബോംബുകൾ നിർമിച്ചതും ആക്രമണം ആസൂത്രണം ചെയ്തതും ചാറ്റ് ജിപിടി (ChatGPT), യൂട്യൂബ് എന്നിവയുടെ സഹായത്തോടെയെന്ന് എൻ.ഐ.എ കുറ്റപത്രം. രാജ്യത്തെ നടുക്കിയ ഈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഡൽഹി എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച 7500 പേജുള്ള വിപുലമായ കുറ്റപത്രത്തിലാണ് ഇന്റർനെറ്റ് സാങ്കേതികവിദ്യ ഭീകരവാദത്തിനായി ദുരുപയോഗം ചെയ്തതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കേസിലെ മുഖ്യ ആസൂത്രകനും സംഘടനയുടെ 'ഇൻ-ഹൗസ് എഞ്ചിനീയറുമായി' ഉയർന്നുവന്നതുമായ ജാസിർ ബിലാൽ വാനി, 'ഒരു റോക്കറ്റ് എങ്ങനെ നിർമിക്കാം, അതിലെ രാസമിശ്രിതങ്ങളുടെ അനുപാതം എത്രയായിരിക്കണം' തുടങ്ങിയ കാര്യങ്ങൾ ചാറ്റ് ജിപിടിയിലും യൂട്യൂബിലും നിരന്തരം തിരഞ്ഞാണ് ഐ.ഇ.ഡി (IED) നിർമാണ രീതികൾ മനസ്സിലാക്കിയത്.

തുടർന്ന് ജാസിർ നിർമിച്ച റോക്കറ്റ് ഐ.ഇ.ഡികൾ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുള്ള ക്വാസിഗണ്ട്, യൂഷ്മുർഗ് കാടുകളിൽ വെച്ച് മറ്റ് മുഖ്യപ്രതികളായ ഡോ. ഉമർ, ഡോ. മുസമ്മിൽ ഷക്കീൽ എന്നിവർക്കൊപ്പം പരീക്ഷണാർത്ഥം പൊട്ടിച്ചു നോക്കുകയും ചെയ്തു. ഈ വനമേഖലകളിൽ നിന്ന് സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ എൻ.ഐ.എ കണ്ടെത്തുകയുണ്ടായി. സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഓടിച്ചിരുന്ന ഡോ. അദീൽ അഹ്മദ് റാത്തർ ആണ് പൊടിച്ച പഞ്ചസാര, പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങിയ നിർണായക വസ്തുക്കൾ ജാസിറിന് എത്തിച്ചുനൽകിയത്. ജാസിറിന്റെ സാങ്കേതിക വൈദഗ്ധ്യം മനസ്സിലാക്കിയ ഉമർ ഇയാൾക്ക് രണ്ട് ഡ്രോണുകൾ നൽകിയിരുന്നു. കശ്മീരിലും രാജ്യത്തിന്റെ മറ്റ് വിവിധ ഭാഗങ്ങളിലും ഡ്രോണുകൾ വഴി സ്ഫോടകവസ്തുക്കൾ വർഷിച്ച് വൻ ആക്രമണങ്ങൾ നടത്താനും ഇവർ പദ്ധതിയിട്ടിരുന്നു.  

ഇതിനുപുറമെ ജാസിർ 2023 ഡിസംബർ - 2024 ജനുവരി കാലയളവിൽ ഫ്ലിപ്കാർട്ട് വഴി സെൻസറുകൾ, ഹീറ്റ് ഗൺ, റിമോട്ട് കൺട്രോൾ റിലേ സ്വിച്ചുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങി ഉമറിന് കൈമാറി. ഇതിനുള്ള പണം നൽകിയത് ഉമറായിരുന്നു. ചെങ്കോട്ട സ്ഫോടനത്തിനായി ഇവർ ഉപയോഗിച്ചത് 'ട്രെയാസെറ്റോൺ ട്രൈപെറോക്സൈഡ്' (TATP) എന്ന മാരക സ്ഫോടകവസ്തുവാണ്. കേസിലെ മുഖ്യ സൂത്രധാരനായ ജാസിർ ബിലാൽ വാനി, 2024-25 കാലയളവിൽ ഹരിയാന ഫരീദാബാദിലെ അൽ ഫലാ സർവകലാശാല ക്യാമ്പസിൽ രണ്ടു മൂന്ന് തവണ സന്ദർശനം നടത്തിയാണ് ഗൂഢാലോചനകൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ഏകോപിപ്പിച്ചത്. ചെങ്കോട്ട സ്ഫോടനത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത സംഭവത്തിന് ഈ ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നും എൻ.ഐ.എ വ്യക്തമാക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow