നീറ്റിന് മുമ്പ് ടെലിഗ്രാം വിലക്ക്; കേന്ദ്രത്തിനെതിരെ രാഹുലും കേജ്‌രിവാളും

Jun 17, 2026 - 16:29
Jun 17, 2026 - 16:29
 0
നീറ്റിന് മുമ്പ് ടെലിഗ്രാം വിലക്ക്; കേന്ദ്രത്തിനെതിരെ രാഹുലും കേജ്‌രിവാളും

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടെ, ജൂൺ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് ടെലിഗ്രാം ആപ്പിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും നടപടിയെ രൂക്ഷമായി വിമർശിച്ചു. ടെലിഗ്രാം നിരോധിച്ചതുകൊണ്ട് ചോദ്യപ്പേപ്പർ ചോർച്ച തടയാനാകില്ലെന്നും പരീക്ഷാ ചോർച്ച ഒരു വലിയ റാക്കറ്റാണെന്നും കേജ്‌രിവാൾ പറഞ്ഞു.

"ചോദ്യപ്പേപ്പർ ചോർച്ച തടയാൻ യഥാർഥ നടപടികൾ എടുക്കുന്നതിന് പകരം സർക്കാർ നാടകമാണ് നടത്തുന്നത്. ഇത് കോടികളുടെ ബിസിനസാണ്. അതിന്റെ പണം മുകളിലേയ്ക്ക് വരെ എത്തുന്നുണ്ട്," എന്നാണ് കേജ്‌രിവാൾ എക്‌സിൽ കുറിച്ചത്.

വിദ്യാർഥികൾ വർഷങ്ങളായി നോട്ട്സുകളും പഠന ചർച്ചകളും പങ്കുവയ്ക്കാൻ ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടെന്നും, ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിന് പകരം വിദ്യാർഥികളുടെ സൗകര്യം ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

"കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വീടിന് പൂട്ടിടുന്നതിന് തുല്യമാണ് ഈ നടപടി. അടുത്തതായി വാട്സാപ്പും നിരോധിക്കുമോ?" എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, അടുത്തിടെ ബിജെപി വിട്ട അണ്ണാമലൈയും പുനഃപരീക്ഷയ്ക്കായി ഏർപ്പെടുത്തിയ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തു. ഇത്തരം അമിത നിയന്ത്രണങ്ങൾ വിദ്യാർഥികളുടെ മാനസിക സമ്മർദം വർധിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow