അന്തിമ വോട്ടർ പട്ടികയില്‍ ഒരു കുടുംബത്തിലുള്ളവർ പല ബൂത്തുകളിൽ, പരാതികൾ വ്യാപകം

അർഹതയില്ലാത്തവർ പട്ടികയിൽ കടന്നുകൂടിയെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ സിപിഎം ഉന്നയിച്ചു

Feb 22, 2026 - 11:12
Feb 22, 2026 - 11:12
 0
അന്തിമ വോട്ടർ പട്ടികയില്‍ ഒരു കുടുംബത്തിലുള്ളവർ പല ബൂത്തുകളിൽ, പരാതികൾ വ്യാപകം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ രാഷ്ട്രീയ പാർട്ടികൾ ബൂത്ത് അടിസ്ഥാനത്തിൽ വിശദമായ പരിശോധന ആരംഭിച്ചു. അർഹരായ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ടോ എന്നും അർഹതയില്ലാത്തവർ ഉൾപ്പെട്ടിട്ടുണ്ടോ എന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്.
 
അർഹതയില്ലാത്തവർ പട്ടികയിൽ കടന്നുകൂടിയെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ സി.പി.എം ഉന്നയിച്ചു. കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട പേരുകൾ ഭൂരിഭാഗവും അന്തിമ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞെന്നാണ് കോൺഗ്രസിന്റെ പ്രാഥമിക വിലയിരുത്തൽ.

ഒരേ കുടുംബത്തിലുള്ളവർ വിവിധ ബൂത്തുകളിലായി വിഭജിക്കപ്പെട്ട സാഹചര്യം അന്തിമ പട്ടികയിലും തുടരുന്നുണ്ടെന്ന് പരാതിയുണ്ട്. പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കും അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവർക്കും നിയമപരമായ അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ (ERO) തീരുമാനത്തിൽ പരാതിയുള്ളവർക്ക് ജില്ലാ കളക്ടർക്ക് (ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ) അപ്പീൽ സമർപ്പിക്കാം. തീരുമാനം അറിഞ്ഞ് 15 ദിവസത്തിനകം വേണം അപ്പീൽ നൽകാൻ. 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 24(a) പ്രകാരമാണ് ഈ സൗകര്യം ലഭ്യമാകുന്നത്. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചുവെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് വരെ പുതിയ വോട്ടർമാർക്ക് പേര് ചേർക്കാൻ ഇനിയും അവസരമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow