മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

താൻ നിരപരാധിയാണെന്നും വ്യക്തമാക്കുന്ന ജസീലയുടെ വീഡിയോ സന്ദേശം പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്

Feb 22, 2026 - 13:10
Feb 22, 2026 - 13:11
 0
മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

കാസർകോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനെത്തുടർന്ന് വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. മുളിയാർ സ്വദേശിനി ജസീല (24) ആണ് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദികൾ ഭർത്താവും ഭർതൃമാതാവുമാണെന്നും, താൻ നിരപരാധിയാണെന്നും വ്യക്തമാക്കുന്ന ജസീലയുടെ വീഡിയോ സന്ദേശം പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്.

ജസീലയുടെ ഭർതൃവീടിന് സമീപത്തെ വീട്ടിലെ വിവാഹ ചടങ്ങിനിടെ സ്വർണ്ണമാല മോഷണം പോയിരുന്നു. ഇത് ജസീലയാണ് മോഷ്ടിച്ചതെന്ന് ഭർതൃവീട്ടുകാരും അയൽവാസികളും ആരോപിച്ചു. പരാതിയെത്തുടർന്ന് ആദൂർ പൊലീസ് ജസീലയെ ചോദ്യം ചെയ്തെങ്കിലും മോഷണത്തിൽ പങ്കുള്ളതായി കണ്ടെത്താനായില്ല. എന്നാൽ, പൊലീസ് സ്റ്റേഷനിൽ നിന്നുള്ള അനുഭവവും തുടർന്നുണ്ടായ പരിഹാസങ്ങളും ജസീലയെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്ന് കുടുംബം പറയുന്നു.

മരിക്കുന്നതിന് മുൻപ് ജസീല ചിത്രീകരിച്ച വീഡിയോയിൽ പറയുന്നത് ഇപ്രകാരമാണ്: "ഞാൻ ചെയ്യാത്ത തെറ്റിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടു. സ്വർണ്ണം ഞാൻ എടുത്തെന്നാണ് അവർ പറയുന്നത്, എന്നാൽ അങ്ങനെയൊന്ന് എനിക്ക് അറിയില്ല. സത്യം ആരും വിശ്വസിക്കുന്നില്ല. എന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവും ഭർത്താവിന്റെ ഉമ്മയുമാണ്. എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയത്? സത്യം ഒരു ദിവസം തെളിയും."

ആദൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ഉദ്യോഗസ്ഥർ സമ്മതിച്ചില്ലെന്ന ഗുരുതര ആരോപണവും വീഡിയോയിലുണ്ട്. സംഭവത്തിൽ വിദ്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മജിസ്‌ട്രേറ്റ് ജസീലയുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow