മോഡലിങ് സെക്സ് റാക്കറ്റ് കേസ്: മുഖ്യപ്രതി സിന്ധുവിന്റെ വാട്സ്ആപ്പ് സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ട് പോലീസ്
കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയ കേസില്‍ മുഖ്യപ്രതി സിന്ധുവിന്റേതെന്ന് കരുതുന്ന വാട്‌സാപ്പ് സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നു. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇടപാടുകാര്‍ക്ക് അയച്ചുനല്‍കി പണം ഉറപ്പിക്കുന്ന ചാറ്റുകളാണ് ഇതിലുള്ളത്. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലായ സിന്ധുവിനെ പോലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് ഇവർ പിടിയിലായത്. ദുബായില്‍ ഫാഷന്‍ ഷോ, വീഡിയോ ഷൂട്ട്, ആഢംബര താമസം എന്നിവ വാഗ്ദാനം ചെയ്ത് മോഡലുകളെ കെണിയില്‍ വീഴ്ത്തിയത് സിന്ധുവാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നടന്നത് ക്രൂരവും സംഘടിതവുമായ കുറ്റകൃത്യമാണെന്നും സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ വ്യക്തമാക്കി. കേസില്‍ ഗുണ്ടാബന്ധത്തെക്കുറിച്ചും സിനിമാ-സീരിയൽ താരങ്ങള്‍ക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവില്‍ സിന്ധുവിന് പുറമെ തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരടക്കം മൂന്ന് പേരാണ് പിടിയിലായത്. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ഇരയായ ഒരു യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേസില്‍ കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം.
What's Your Reaction?

