മദ്യലഹരിയിൽ ബഹളം; ചോദ്യം ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ചു, സിഐയ്ക്ക് കൈയ്ക്ക് പൊട്ടൽ

May 30, 2026 - 13:16
May 30, 2026 - 13:16
 0
മദ്യലഹരിയിൽ ബഹളം; ചോദ്യം ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ചു, സിഐയ്ക്ക് കൈയ്ക്ക് പൊട്ടൽ

കൊച്ചി ∙ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ച അഞ്ചുപേരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഇടപ്പള്ളി ട്രാഫിക് ഈസ്റ്റ് സിഐ ഉദയകുമാറിന് ഗുരുതര പരുക്കേറ്റു. അദ്ദേഹത്തിന്റെ കൈയ്ക്ക് പൊട്ടലുണ്ടായതായി പൊലീസ് അറിയിച്ചു.

വയനാട് സ്വദേശി അക്ഷയ് (25), കൊല്ലം സ്വദേശി ജിനീഷ് (38), തിരുവനന്തപുരം സ്വദേശികളായ അജ്മൽ (20), അൽത്താഫ് (21), നെന്മാറ സ്വദേശി ഷംസുദീൻ (36) എന്നിവരാണ് പിടിയിലായത്. നഗരത്തിലെ ഒരു പ്രമുഖ മാളിലെ സുരക്ഷാ ജീവനക്കാരാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്ന് പുലർച്ചെ 12.30ഓടെ തൃക്കാക്കര ഉണിച്ചിറയ്ക്ക് സമീപം മരോട്ടിച്ചുവടിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. വാടകയ്ക്ക് താമസിക്കുന്ന അപ്പാർട്ട്മെന്റിൽ മദ്യപിച്ച ശേഷം അഞ്ചംഗസംഘം ബഹളംവെച്ചതിനെ തുടർന്ന് പ്രദേശവാസികൾക്ക് ശല്യമുണ്ടായി. തുടർന്ന് അപ്പാർട്ട്മെന്റിലെ കെയർടേക്കർ പൊലീസ് കൺട്രോൾ റൂം നമ്പറായ 112-ൽ വിവരം അറിയിച്ചു.

പരാതിയെ തുടർന്ന് കൺട്രോൾ റൂം സംഘം സ്ഥലത്തെത്തിയെങ്കിലും മദ്യലഹരിയിലായിരുന്ന പ്രതികൾ പൊലീസുമായി തർക്കിക്കുകയും ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സ്ഥിതി നിയന്ത്രണാതീതമായതോടെ കൂടുതൽ പൊലീസ് സംഘത്തെ സ്ഥലത്തേക്ക് വിന്യസിച്ചു.

ഇതിനിടെ സ്ഥലത്തെത്തിയ ഇടപ്പള്ളി ട്രാഫിക് ഈസ്റ്റ് സിഐ ഉദയകുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊലീസുകാരെ കയ്യേറ്റം ചെയ്ത പ്രതികളുമായി ഉണ്ടായ സംഘർഷത്തിനിടെയാണ് സിഐയുടെ കൈയ്ക്ക് പൊട്ടലേറ്റതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.

തുടർന്ന് കൂടുതൽ പൊലീസ് എത്തി ബലപ്രയോഗത്തിലൂടെയാണ് അഞ്ചുപേരെയും കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. കളമശേരി മെഡിക്കൽ കോളജിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ പ്രതികൾക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow