ആന്റണി രാജുവിന് തിരിച്ചടി; അപ്പീല്‍ സുപ്രീംകോടതി തള്ളി
തൊണ്ടിമുതൽ തിരിമറി കേസിൽ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ സുപ്രീംകോടതി തള്ളി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതിയും നിരാകരിച്ചിരുന്നു. ജനുവരിയിൽ നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതി ആന്റണി രാജുവിന് മൂന്ന് വർഷം തടവും പിഴയും വിധിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അദ്ദേഹത്തിന് വിലക്കുണ്ട്.
1990-ൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ സഹായിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. കേസിൽ രണ്ടാം പ്രതിയായ രാജുവിന് എട്ടര വർഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നതെങ്കിലും ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. ഒന്നാം പ്രതിയായ മുൻ കോടതി ക്ലർക്ക് കെ.എസ്. ജോസിനും മൂന്ന് വർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടത്.
What's Your Reaction?