അവസാനം മാമ്പഴം പിണറായി കൊണ്ടുപോകും'; യുഡിഎഫിനെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ
കേരളത്തിൽ എൽഡിഎഫ് ചെറിയ ഭൂരിപക്ഷത്തിൽ തുടർഭരണം നേടുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ ഭരണത്തുടർച്ച കൊണ്ടുപോകുമെന്നും യുഡിഎഫ് ക്യാമ്പിൽ നടക്കുന്നത് വെറും ഇമേജ് ബിൽഡിങ് ശ്രമങ്ങൾ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് വലിയ പ്രചാരണം നൽകുന്നുണ്ടെങ്കിലും ഇടതുപക്ഷം നിശബ്ദമായി കാര്യങ്ങൾ നീക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.ഡി. സതീശൻ പറയുന്നതുപോലെ 12 മന്ത്രിമാർ പരാജയപ്പെടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈദ്യുതി ബോർഡിനെതിരെയും വെള്ളാപ്പള്ളി കടുത്ത വിമർശനമുയർത്തി. കെഎസ്ഇബി ഒരു 'ചതിയൻ ചന്തു'വായും വെള്ളാനയായും മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥർ വലിയ ശമ്പളം വാങ്ങുന്നുണ്ടെങ്കിലും വൈദ്യുതി ക്ഷാമം പരിഹരിക്കാൻ സർക്കാരുകൾ ദീർഘകാല പദ്ധതികൾ കൊണ്ടുവന്നില്ല. സോളാർ സ്ഥാപിച്ചവർക്ക് അർഹമായ തുക നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖയുടെ സമീപനത്തെയും അദ്ദേഹം വിമർശിച്ചു. ശ്രീലേഖ അധികപ്രസംഗിയാണെന്നും അവരെ സ്ഥാനാർത്ഥിയായി കൊണ്ടുവന്നതിൽ രാജീവ് ചന്ദ്രശേഖറിന് തെറ്റുപറ്റിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
What's Your Reaction?