സീറ്റ് നിഷേധം: തിരുവനന്തപുരത്ത് ബി.ജെ.പിയിൽ വീണ്ടും വിവാദം; മഹിളാ മോർച്ച നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
നെടുമങ്ങാട്ടെ വീട്ടിൽ വെച്ചാണ് യുവതി കൈഞരമ്പ് മുറിച്ചത്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നിഷേധിച്ചതിൽ മനംനൊന്ത് ബി.ജെ.പി പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌ക്കോട്ടല വാർഡിലെ യുവതിയാണ് ഇന്ന് പുലർച്ചെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവർ മഹിളാ മോർച്ചയുടെ ജില്ലാ നേതാവ് കൂടിയാണ്.
നെടുമങ്ങാട്ടെ വീട്ടിൽ വെച്ചാണ് യുവതി കൈഞരമ്പ് മുറിച്ചത്. ഞരമ്പ് മുറിച്ച നിലയിൽ മകനാണ് ഇവരെ ആദ്യം കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച യുവതി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്ത് ബി.ജെ.പി പ്രവർത്തകരെ ലക്ഷ്യമിട്ട് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തുടർച്ചയായുണ്ടാകുന്ന മൂന്നാമത്തെ വിവാദമാണിത്. തൃക്കണ്ണാപുരം വാർഡിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തഴഞ്ഞതിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ആനന്ദ് കെ. തമ്പി എന്ന ബി.ജെ.പി പ്രവർത്തകൻ ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവം വലിയ വിവാദങ്ങൾ ഉയർത്തുന്നതിനിടെയാണ് പുതിയ സംഭവം.
നേരത്തെ, തിരുമല അനിൽ കുമാറിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളും ബിജെപിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ മൂന്ന് സംഭവങ്ങളും സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടുള്ള ആഭ്യന്തര തർക്കങ്ങളാണ് സൂചിപ്പിക്കുന്നത്.
ആനന്ദ് ആത്മഹത്യ ചെയ്ത തൃക്കണ്ണാപുരം വാർഡിൽ 2015-20 കാലയളവിൽ കൗൺസിലറായിരുന്നു തിരുമല അനിൽ കുമാർ. തുടർച്ചയായ ഈ സംഭവങ്ങൾ ബി.ജെ.പി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
What's Your Reaction?

