സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രോഗികളെ നിലത്തു കിടത്തി ചികിത്സിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളിൽ കാലോചിതമായ മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ രോഗികളെ നിലത്തു കിടത്തി ചികിത്സിക്കുന്ന ഏർപ്പാട് അടിയന്തരമായി അവസാനിക്കണമെന്നും ആരോഗ്യവകുപ്പ് ഒരു കാരണവശാലും 'അനാരോഗ്യ വകുപ്പ്' ആയി മാറരുതെന്നും മന്ത്രി വ്യക്തമാക്കി. മുൻപ് വക്കം പുരുഷോത്തമൻ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് സിസ്റ്റത്തിൽ വലിയ മാറ്റങ്ങൾ വന്നിരുന്നുവെന്നും എന്നാൽ പിന്നീട് അത് പഴയപടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിസ്റ്റത്തെ മുഴുവനായി കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും പാളിച്ചകൾ തിരുത്താനാണ് തങ്ങൾ തലപ്പത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സിസ്റ്റം മോശമാണെന്ന് പറഞ്ഞ് കൈമലർത്തുകയാണെങ്കിൽ പിന്നെ ഉദ്യോഗസ്ഥരുടെ ആവശ്യമില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയിലെ ചടങ്ങിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച മന്ത്രി, അവിടെ ചെന്നപ്പോൾ അതൊരു പഞ്ചനക്ഷത്ര ഹോട്ടലാണോ എന്ന് തോന്നിപ്പോയെന്നും എന്നാൽ സർക്കാർ ആശുപത്രികളുടെ രണ്ട് കിലോമീറ്റർ അപ്പുറത്ത് എത്തുമ്പോൾ തന്നെ അതിന്റെ അവസ്ഥ തിരിച്ചറിയാനാകുമെന്നും വിമർശിച്ചു.
രോഗികളെ തറയിൽ കിടത്തരുതെന്ന് താൻ പറഞ്ഞപ്പോൾ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണോ ഈ നീക്കമെന്ന് ചോദിച്ച് ചിലർ രംഗത്തെത്തിയതായും അത്തരക്കാരുടെ വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യമേഖലയിൽ സിസ്റ്റത്തിനൊപ്പം നിന്ന് ആത്മാർത്ഥമായി ജോലി ചെയ്യുന്ന എല്ലാവരെയും താൻ സംരക്ഷിക്കുമെന്നും ഡോക്ടർമാരുടെ നല്ല സമീപനമാണ് രോഗികൾക്ക് പകുതി ആശ്വാസം നൽകുന്നതെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
What's Your Reaction?



