കളമശേരിയിൽ കണ്ടെത്തിയത് സൂരജ് ലാമയുടെ മൃതദേഹം തന്നെ; ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരണം

കുവൈത്തിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമ കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മദ്യദുരന്തത്തിൽപ്പെട്ട് ചികിത്സയിലായിരുന്നു

Feb 6, 2026 - 14:37
Feb 6, 2026 - 14:37
 0
കളമശേരിയിൽ കണ്ടെത്തിയത് സൂരജ് ലാമയുടെ മൃതദേഹം തന്നെ; ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരണം

കൊച്ചി: കളമശേരിയിലെ കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ബെംഗളൂരു സ്വദേശി സൂരജ് ലാമയുടേത് (58) തന്നെയെന്ന് ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് പോലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കുവൈത്തിലെ മദ്യദുരന്തത്തിന് പിന്നാലെ നാട്ടിലേക്ക് തിരിച്ചെത്തിയ ലാമയെ കാണാതായ സംഭവത്തിൽ മകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെത്തുടർന്നാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നത്.

കുവൈത്തിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമ കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മദ്യദുരന്തത്തിൽപ്പെട്ട് ചികിത്സയിലായിരുന്നു. ഓർമ്മശക്തി പോലും നഷ്ടപ്പെട്ട നിലയിലായിരുന്ന അദ്ദേഹത്തെ ഒക്ടോബർ നാലിന് പരിചയക്കാരോ ബന്ധുക്കളോ ഇല്ലാത്ത കൊച്ചിയിലേക്ക് വിമാനത്തിൽ കയറ്റി വിടുകയായിരുന്നു.

ഒക്ടോബർ എട്ടിന് തൃക്കാക്കരയിൽ അലഞ്ഞുതിരിയുന്ന നിലയിൽ കണ്ടെത്തിയ ലാമയെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും, ആംബുലൻസിൽ തനിച്ച് കളമശേരി മെഡിക്കൽ കോളേജിലേക്ക് അയക്കുകയാണുണ്ടായത്. ആശുപത്രിയിൽ നിന്ന് ആരും ശ്രദ്ധിക്കാനില്ലാതെ അദ്ദേഹം പുറത്തേക്ക് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്.

പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സന്ദൻ ലാമ ഹൈക്കോടതിയെ സമീപിച്ചതോടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ബെഞ്ച് പോലീസിന് കർശന നിർദ്ദേശം നൽകി. നവംബർ 30-നാണ് കളമശേരി എച്ച്എംടിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൂർണമായും ജീർണിച്ച നിലയിലായിരുന്നതിനാൽ ഡി.എൻ.എ ഫലം ലഭിക്കാൻ കാലതാമസമുണ്ടായി. ഒടുവിൽ തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ഒരാൾ ഇത്തരത്തിൽ അനാഥമായി മരിക്കാനിടയായ സാഹചര്യം നടുക്കുന്നതാണെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. മൃതദേഹം സ്ഥിരീകരിച്ചതോടെ ലാമയുടെ കുടുംബം കൊച്ചിയിൽ എത്തിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow